‘സമരപ്പോരിശ ജില്ലാ കാരവന്’ മുക്കത്ത് സമാപനം കുറിച്ചു

മുക്കം : മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് ഐ ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്പോരിശ ജില്ലാ കാരവാന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ പ്രയാണത്തിന് ശേഷം വമ്പിച്ച വിദ്യാര്‍ത്ഥി റാലിയോടെ മുക്കത്ത് സമാപിച്ചു.
സമാപന സമ്മേളനം എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. കൊളോണിയല്‍ അവശിഷ്ടങ്ങളുടെ ഭാരം പേറുന്ന ഭരണകൂടങ്ങള്‍ വംശീയ ഉന്മൂലന പ്രത്യയശാസ്ത്രങ്ങള്‍ നടപ്പാക്കുന്ന കാലത്ത് മലബാര്‍ സമരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അസ്തിത്വ പോരാട്ടങ്ങള്‍ക്കുള്ള ആത്മീയോര്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ് ഐ ഒ സംവേദന വേദി പുറത്തിറക്കുന്ന എന്‍ പി മുഹമ്മദ് രചിച്ച പടപ്പാട്ടിന്റെ കവര്‍ വേര്‍ഷന്റെ ഓഡിയോ റിലീസ് എസ് ഐ ഒ സംസ്ഥാന ശൂറാ അംഗം നഈം ഗഫൂര്‍ നിര്‍വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. അബ്ദുല്‍ വാഹിദ്, എസ് ഐ ഒ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജമാഅത്തെ ഇസ്ലാമി മുക്കം ഏരിയാ വൈസ് പ്രസിഡന്റ് എസ് ഖമറുദ്ദീന്, കൊടിയത്തൂര്‍ ഏരിയാ പ്രസിഡന്റ് ഇ എന്‍ അബ്ദുറസാഖ്, കാരവന് ഡയറക്ടര്‍ അന്‍വര്‍ കോട്ടപ്പള്ളി, എസ് ഐ ഒ മുക്കം ഏരിയാ പ്രസിഡന്റ് ഷാമില്‍ സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷമീം എ പി രചനയും സംവിധാനവും നിര്‍വഹിച്ച ‘നേരിട്ട നേര്’ മലബാര്‍ സമര കലാവിഷ്കാരം കാരവന് വേദിയില്‍ അരങ്ങേറി. ഷമീം ആരാമ്പ്രം, ലബീബ് കായക്കൊടി, ബാസിത് കാരശ്ശേരി, ഫഹീം വേളം, ഷക്കീല്‍ കോട്ടപ്പള്ളി, അഫ്സല് പുല്ലാളൂര്‍, ബാസിത് നരിക്കുനി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.







