അധ്യാപകന്റെ ഓർമയ്ക്ക് സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി

മുക്കം: അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് സർക്കാർ സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി സഹ അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന കെ.വി.അബ്ദുൽ നാസറിന്റെ സ്മരണയ്ക്കായാണ് ഈ വർഷം വിരമിക്കുന്ന സഹപ്രവർത്തകർ ചിൽഡ്രൻസ് പാർക്ക് ഒരുക്കിയത്. പ്രധാനാധ്യാപകൻ കെ.വി.അബ്ദുൽ മജീദ്, അധ്യാപികമാരായ കെ.ടി.നസീമ, സി.സരോജിനി എന്നിവർ ചേർന്നാണ് പാർക്ക് സജ്ജമാക്കിയത്.
2021 ഓഗസ്റ്റ് 31ന് ആണ് കെ.വി.അബ്ദുൽ നാസർ ഹൃദയസ്തംഭനം മൂലം മരിച്ചത്. കോവിഡ് മൂലം അവധിയായിരുന്നെങ്കിലും അന്നും നാസർ സ്കൂളിലെത്തിയിരുന്നു.
സ്കൂളിലെ പൂർവ വിദ്യാർഥിയും മുണ്ടുപാറ മഹല്ല് സെക്രട്ടറിയുമായിരുന്നു. ഓമശ്ശേരി മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയതിന്റെ സ്മരണയ്ക്കാണ് പ്രീ പ്രൈമറി സ്കൂളിനോട് ചേർന്ന് കുട്ടികളുടെ പാർക്ക് ഒരുക്കിയത്.
ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പാർക്ക് ഇന്ന് 3ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു സ്കൂളിന് സമർപ്പിക്കും. പാർക്ക് രൂപകൽപന ചെയ്ത സ്കൂളിലെ പൂർവ അധ്യാപകരായ സിഗ്നി ദേവരാജ്, എം.കെ.ബാബു എന്നിവരെ ആദരിക്കും.







