ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി

മുക്കം : ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ അഗ്നിരക്ഷാനിലയത്തിന് മുന്നിൽ വിശ്രമകേന്ദ്രം നിർമിക്കുന്നതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിതള്ളിയാണ് കളക്ടർ, പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തുതന്നെ വിശ്രമകേന്ദ്രം നിർമിക്കാൻ ഉത്തരവിട്ടത്. നഗരസഭാ കൗൺസിൽ യോഗംചേർന്ന് വിഷയം ചർച്ചചെയ്തശേഷം വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണപ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
തന്റെ പുരയിടത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് വഴിയോരവിശ്രമകേന്ദ്രം നിർമിക്കുന്നതെന്ന് കാണിച്ച് പ്രദേശവാസി പരാതി നൽകിയതിനെത്തുടർന്നാണ് ഹൈക്കോടതി നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ നിർദേശിച്ചത്. പരാതിക്കാരന് പറയാനുള്ളത് കേൾക്കണമെന്നും അതിനുശേഷമേ നിർമാണപ്രവൃത്തികൾ ആരംഭിക്കാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പരാതിക്കാരന്റെ വാദങ്ങൾ പൂർണമായും തള്ളിയാണ് നേരത്തെ നിശ്ചയിച്ച അതേസ്ഥലത്തുതന്നെ വിശ്രമകേന്ദ്രം നിർമിക്കാൻ കളക്ടർ ഉത്തരവിട്ടത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പരാതിക്കാരന്റെ പിതാവിന്റെ പേരിലാണ് 29 സെന്റ് ഭൂമിയുള്ളതെന്നും സംസ്ഥാനപാതയോരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തേക്ക് 13 അടിയോളം വീതിയിൽ മറ്റൊരു വഴിയുണ്ടെന്നും കണ്ടെത്തി. തുടർന്ന്, മുൻ നിശ്ചയിച്ചസ്ഥലത്ത് വിശ്രമകേന്ദ്രം നിർമിച്ചാൽ പുരയിടത്തിലേക്ക് വഴി തടസ്സപ്പെടില്ലെന്ന റിപ്പോർട്ട് നൽകി. ഇതേനിഗമനത്തിൽ നഗരസഭാ സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുൻ നിശ്ചയിച്ച സ്ഥലത്തുതന്നെ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് അഗസ്ത്യൻമുഴിയിൽ വിശ്രമകേന്ദ്രമൊരുക്കുന്നത്.
സംസ്ഥാനത്തുടനീളമായി ആയിരത്തി ഇരുനൂറിലധികം വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിൽ മുന്നൂറോളം വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും ആദ്യഘട്ടത്തിൽത്തന്നെ പ്രവൃത്തി തുടങ്ങിയ മുക്കത്ത് പ്രദേശവാസി പരാതി കൊടുത്തതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവൃത്തി നിർത്തിവെച്ചത്.
പ്രവൃത്തി നിർത്തിവെച്ച് ഒരുവർഷം പിന്നിട്ടതോടെ, പദ്ധതിപ്രദേശമാകെ കാടുമൂടിയനിലയിലാണ്. രണ്ടുനിലകളുള്ള കെട്ടിടത്തിൽ ടെലിവിഷനും എ.സി.യും മൊബൈൽചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ടുവീതവും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നതരത്തിലുള്ള ഒരു ശൗചാലയവും കെട്ടിടത്തിലുണ്ടാകും.







