നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി

കാരശ്ശേരി : നവീകരണപ്രവൃത്തി നടക്കുന്ന മണ്ടാംകടവ് -താഴെ തിരുവമ്പാടി റോഡിന്റെ സർവേ തുടങ്ങി. താമരശ്ശേരി താലൂക്കിനു കീഴിൽവരുന്ന ഭാഗത്തെ റോഡിന്റെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. കോഴിക്കോട് താലൂക്കിൽ ഉൾപ്പെടുന്ന കുമാരനെല്ലൂർ ഭാഗം സർവേ നേരത്തേ കഴിഞ്ഞു.
താലൂക്ക് സർവേയർ ശ്രീരാജിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സർവേ നടക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷമായിട്ടും സർവേ നടത്തി അതിരു നിർണയിക്കുന്നത് പൂർത്തിയാകാത്തതിനാൽ റോഡ് നവീകരണം വൈകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
റോഡിന്റെ വശങ്ങളിൽ കൈയേറ്റം നടന്നിട്ടുണ്ടെന്ന പരാതികളെത്തുടർന്നാണ് അത് വീണ്ടെടുക്കാൻ സർവേ നടത്തുന്നത്. റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സൈതലവി 2019-ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രി അന്വേഷണത്തിനായും, കൈയേറ്റം ഒഴിപ്പിക്കുന്നതിനായും റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി.
തുടർന്ന് റോഡിന്റെ അതിരുകൾ അളന്നുതിരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ താമരശ്ശേരി ഭൂരേഖാവിഭാഗം തഹസിൽദാർക്ക് കത്ത് നൽകി. ഒന്നരവർഷംകഴിഞ്ഞിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് 2021 ജൂൺ 30-ന് സൈതലവി വീണ്ടും നിവേദനം നൽകി. ഇതേത്തുടർന്ന് നടപടി സ്വീകരിക്കാൻ മന്ത്രി ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് റോഡ് നവീകരണപ്രവൃത്തി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനംചെയ്തത്. രണ്ടു റീച്ചുകളിലായി 5.5 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. ഇതിൽ കുമാരനെല്ലൂർ വില്ലേജിൽപ്പെട്ട ഭാഗത്ത് കലുങ്കുകളുടേയും ഡ്രെയിനേജുകളുടേയും നിർമാണമാണ് ഇപ്പോഴും നടന്നുവരുന്നത്.
കലുങ്കും ഡ്രെയിനേജും റോഡിൽ ഉയർത്തി ഉണ്ടാക്കുന്ന ഭാഗങ്ങളിൽ ടാറിങ് നടക്കാത്തതിനാൽ രൂക്ഷമായ പൊടിശല്യവും ഗതാഗത തടസ്സവും ഉണ്ട്. ഒരുവർഷമായി യാത്രക്കാരും കച്ചവടക്കാരും റോഡരികുകളിലെ വീട്ടുകാരും ഇതുമൂലമുള്ള പ്രയാസം അനുഭവിക്കുകയാണ്. സർവേ പൂർത്തിയായാൽ ബാക്കിഭാഗത്തെ ഡ്രെയിനേജുകളും കലുങ്കുകളും നിർമിച്ച് ടാറിങ് പ്രവൃത്തിയും വേഗത്തിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.






