Local

ലോക സമാധാനത്തിന് സുകൃതയജ്ഞം തുടങ്ങി

മുക്കം : മന്ത്രധ്വനികളും അഗ്നിജ്വാലകളും ഉയർന്നു. ലോക സമാധാനത്തിനുള്ള സുകൃതയജ്ഞത്തിനു മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ തുടക്കമായി.സുക‍ൃതയജ്ഞത്തോടനുബന്ധിച്ചുള്ള നവഗ്രഹപൂജയ്ക്കും സംഗീതാർച്ചനയ്ക്കും ഭക്തരുടെ തിക്കും തിരക്കും.ക്ഷേത്രവും പരിസരവും ഭക്തിയുടെ നിറവിൽ നിറഞ്ഞാടുന്ന ഭക്തി സുന്ദരമായ കാഴ്ച.അകവും മനവും കുളിർത്ത് ഭക്തർ സായൂജ്യ നിറവിൽ.

‘ശ്രീചക്രം പൂജിച്ചാൽ ഐശ്വര്യം പിന്നാലെ വരും.ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ശ്രീചക്ര പൂജ നമ്മെ സഹായിക്കും.കാരണം ശ്രീചക്ര പൂജ സകല യന്ത്രങ്ങളുടെയും രാജാവാണ്.പ്രപഞ്ചമാതാവായ ലളിതാ ദേവിയുടെ ആദിപരാ ശക്തിയുടെ ആവാസ കേന്ദ്രമാണിത്.എല്ലാ ദേവീ ദേവൻമാരുടെയും ഉത്ഭവം ആദിപരാശാക്തിയായ ലളിതാംബികയിൽ നിന്നാണ്.ആ അമ്മയാണ് ശ്രീചക്രത്തിൽ വസിക്കുന്നത്.

 വേദങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു. സർവൈശ്വര്യദായകം എന്നതാണ് ശ്രീചക്രത്തിന്റെ മേൻമയെന്നും സംഘാടകർ ചൂണ്ടികാട്ടുന്നു. ശ്രീചക്ര പൂജ ചെയ്താ‍ൽ ആദിപരാശക്തിയുടെ കടാക്ഷം എപ്പോഴും ലഭിച്ചു കൊണ്ടേയിരിക്കും.

രണ്ടു ദിവസത്തെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് സുകൃതയജ്ഞത്തിനു തുടക്കം കുറിച്ചിട്ടുള്ളത്. നവഗ്രഹപൂജയും സംഗീതാർച്ചനയും ഇന്നലെ നടത്തി. മഹാചക്ര നവാവരണ പൂജ ഇന്ന് അരങ്ങേറും. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് നവീൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു നവഗ്രഹ പൂജ. സൂര്യൻ,ചൊവ്വ,ശുക്രൻ,ചന്ദ്രൻ,ബുധൻ,വ്യാഴം,ശനി,രാഹു, കേതു എന്നീ നവഗ്രഹങ്ങളെ പ്രത്യേക പത്മങ്ങളിൽ ആവാഹിച്ചു പരിവാര സമേതം പൂജിച്ച് നിവേദ്യ സമർപ്പണവും വിവിധ വേദ മന്ത്രങ്ങളെകൊണ്ടും മറ്റു മന്ത്രങ്ങളെകൊണ്ടും അർച്ചന നടത്തിയാണ് നവഗ്രഹ പൂജ നടത്തിയത്.സംഗീതജ്ഞരായ ഡോ.ബി.അരുന്ധതി, ഡോ.ഭാവന രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ നവഗ്രഹകൃതി സംഗീതാർച്ചനയും നടത്തി.

ഏലൂർ ബിജുവിന്റെ സോപാന സംഗീതവും അരങ്ങേറി.പ്രശസ്ത സിനിമാ നടൻ സന്തോഷ് കെ. നായരുടെ പ്രഭാഷണം ശ്രദ്ധേയമായി. ഭക്തരെ ആവേശത്തിലും ഭക്തിയിലും ആറാടിക്കുന്നതായിരുന്നു പ്രഭാഷണം. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട്,സുകൃതയജ്ഞം ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ,ജനറൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് പി.ചന്ദ്രമോഹനൻ, വർക്കിങ് പ്രസിഡന്റ് എം.പി.രവീന്ദ്രനാഥ്,സെക്രട്ടറി രാമൻ ഇരട്ടങ്ങൽ,ട്രഷറർ എൻ.ശൈലജ, പാടേരി നവീൻ നമ്പൂതിരി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകുന്നു. ഇന്നു മഹാശ്രീ ചക്ര നവാവരണ പൂജ വിപുലമായി നടത്തും.ആയിരങ്ങൾ പങ്കെടുക്കുമെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Back to top button