സുപ്രീം കോടതിയുടെ ബഫർ സോണുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടഞ്ചേരി പഞ്ചായത്തിലെ വില്ലേജുകൾ ഉൾപ്പെട്ടിട്ടില്ല; അലക്സ് തോമസ് ചെമ്പകശ്ശേരി

കോടഞ്ചേരി: ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ബഫർ സോണുമായി ബന്ധപ്പെട്ട ഉത്തരവിൽ കോടഞ്ചേരി പഞ്ചായത്തിലെ വില്ലേജുകൾ ഒന്നും ഉൾപ്പെട്ടിട്ടില്ല. കേരളത്തിലെ 24 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോൺ ആയി പരിസ്ഥിതിലോല പ്രദേശങ്ങൾ ഉണ്ടാകണമെന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം മലയോര കർഷകർ കടുത്ത ആശങ്കയിലാണ്. ബഫർ സോൺ പരിധിയിലുള്ള ജനങ്ങൾക്ക് അവിടെ താമസിക്കാൻ നിയമപരമായി തടസ്സങ്ങളില്ല എങ്കിൽ പോലും, സാധാരണനിലയിലുള്ള ജനജീവിതം അസാധ്യമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ബഫർസോൺ മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ളത്.
കോടഞ്ചേരി പഞ്ചായത്തിൽ ഉൾപെടുന്ന കോടഞ്ചേരി വില്ലേജ്, നെല്ലിപ്പൊയിൽ വില്ലേജ്, കൂടത്തായി വില്ലേജിന്റെ ഭാഗങ്ങൾ ഒന്നും വന്യജീവി സങ്കേതങ്ങൾക്ക് അതിര് പങ്കിടാത്തതിനാൽ ബഫർ സോൺ പരിധിയിൽ തൽക്കാലം വരുന്നില്ല, എങ്കിലും ഇ എസ് എ പരിധിയിൽ വരുന്നുണ്ട് എന്നത് ആശങ്കാജനകമാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
കോടഞ്ചേരി പഞ്ചായത്തു ഉൾപ്പെടുന്നില്ല എങ്കിൽ പോലും, മലയോര മേഖലകളെ ഗൗരവമായി ബാധിക്കുന്ന വിഷയം എന്ന നിലയിൽ കേരള സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും, നിയമ നിർമാണം നടത്തുകയും വേണം.കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം എന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ആവശ്യപ്പെട്ടു.







