PulluramparaThiruvambady

പുല്ലൂരാംപാറയിലെ യുവതിയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നെന്ന് പരാതി

തിരുവമ്പാടി : യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്. സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കൾ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരുവയസ്സുള്ള മകളുണ്ട്. പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 2020 നവംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവൻ തുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽ നിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും പിതാവ് അബ്ദുൽ സലാം പറയുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ കെ. സുമിത് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button