നഞ്ചിയമ്മയുടെ ദേശീയപുരസ്കാരം: അതിരറ്റ ആഹ്ലാദവുമായി കൊടിയത്തൂരിലെ കുട്ടികളും

കൊടിയത്തൂർ : ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനത്തിലൂടെ ദേശീയപുരസ്കാരം അട്ടപ്പാടിയിലെ നഞ്ചിയമ്മയെ തേടിയെത്തുമ്പോൾ ഇങ്ങ് കൊടിയത്തൂരിൽ ഒരുകൂട്ടം കുട്ടികൾക്കും അതിരറ്റ ആഹ്ലാദം.
കാരണം മറ്റൊന്നുമല്ല, ഈ വിദ്യാർഥിക്കൂട്ടം ദിവസങ്ങൾക്കുമുൻപാണ് അഗളി ഗൂളിക്കടവ് നക്കുപതി ഊരിലെത്തി ഈ അനുഗ്രഹീതഗായികയോടൊപ്പം ആടിയും പാടിയും അനുഭവങ്ങൾ പങ്കുവെച്ചും ഒരു ദിവസം ചെലവഴിച്ചത്. കൊടിയത്തൂർ ജി.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ഈ ‘നഞ്ചിയമ്മ ഫാൻസ്’. ലിപി പോലുമില്ലാത്ത പാട്ടുകളും അവരുടെ ജീവിതകഥകളും നഞ്ചിയമ്മയിൽനിന്ന് നേരിട്ടുകേട്ട് ആസ്വദിച്ചിവരാണിവർ. ‘കള ക്കാത്ത സന്ദന മേറെ വെഗു വോക പൂത്തിറി ക്കൊ’’ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾവച്ച കുട്ടികൾ നഞ്ചിയമ്മയുടെ പുരസ്കാരനേട്ടം അറിഞ്ഞതോടെ ആവേശഭരിതരായി സ്കൂളിൽ ഒത്തുകൂടി. നഞ്ചിയമ്മയ്ക്കൊപ്പം എടുത്ത ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്ന തിരക്കിലാണിവർ.
സ്കൂളിലെ പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സൈലൻറ് വാലിയിൽ നടന്ന പ്രകൃതിപഠന ക്യാമ്പിന്റെ ഭാഗമായാണ് അട്ടപ്പാടിയിലെത്തി നഞ്ചിയമ്മയെ കണ്ടത്.







