Thiruvambady

മലയോരത്തെ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് പത്താണ്ട്; പൊലിഞ്ഞത് എട്ട് ജീവൻ

തിരുവമ്പാടി : രണ്ട് മണിക്കൂറിനിടെ 23 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടി എട്ട് ജീവനെടുത്ത മലയോരത്തെ ഉരുൾദുരന്തത്തിന് പത്താണ്ട് പ്രായം. 2012 ഓഗസ്റ്റ് ആറിന് വൈകീട്ട്‌ ആനക്കാംപൊയിൽ, ചെറുശ്ശേരി, കോടഞ്ചേരി പൊട്ടൻകോട് എന്നിവിടങ്ങളിലാണ് ചെറുതും വലുതുമായ ഉരുൾപൊട്ടൽ പരമ്പരയുണ്ടായത്. കൂലംകുത്തിവന്ന വെള്ളപ്പാച്ചിലിൽ നാടിന്റെ സ്വപ്നമാണ് തകർന്നടിഞ്ഞത്.

മലമുകളിൽനിന്ന് കൂറ്റൻ പാറക്കെട്ടുകൾക്കും മരങ്ങൾക്കുമൊപ്പം അണപൊട്ടിയ മലവെള്ളക്കുത്തൊഴുക്കിൽ കൃഷിയിടങ്ങൾ എല്ലാം തകർന്ന് തരിപ്പണമായി. കാലവർഷം വീണ്ടും കലിതുള്ളുമ്പോൾ നടുക്കുന്ന ഓർമകളുമായി കഴിയുകയാണ് മലയോരജനത.

ആനക്കാംപൊയിൽ ചെറുശ്ശേരി തുണ്ടത്തിൽ ബിജുവിന്റെ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും ഉൾപ്പെടെ അഞ്ച് പേരും പടന്നമാക്കൽ ബിനുവിന്റെ മകൾ ജ്യോത്സ്‌ന, മഞ്ഞുവയലിൽ ഗോപാലൻ, വർക്കി എന്നിവരുമാണ് ഉരുൾപൊട്ടലിൽ മരിച്ചത്. ആനക്കാംപൊയിൽ റോഡിലെ മാവിൻചുവടായിരിന്നു ഉരുൾപൊട്ടലിന്റെ സംഗമസ്ഥാനം. ജോയിറോഡിന് മുകളിലുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടേറെ വീടുകൾ അസ്തിവാരംപോലുമില്ലാതെ തകർന്നടിഞ്ഞു.

500 ഹെക്ടർ കൃഷിനശിച്ചു. വലിയ മരങ്ങളും പാറകളും വെള്ളവും കുത്തിയൊലിച്ചെത്തി മാവിൻചുവട് കോളനിയും റോഡുകളും നാമാവശേഷമായി. ആനക്കാംപൊയിൽ റോഡ് മുറിഞ്ഞ് രണ്ട് കലുങ്കുകൾ പൂർണമായും ഇല്ലാതായി. 28 വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും തകരുകയുണ്ടായി. പൊതുമരാമത്ത് വകുപ്പ് റോഡുകളും പഞ്ചായത്ത് റോഡുകളും ഉൾപ്പെടെ മൊത്തം 24 റോഡുകളാണ് ഇല്ലാതായത്. തകർന്ന റോഡുകൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർണമായും പുനർനിർമിച്ചെങ്കിലും കൃഷിയിടങ്ങൾ പുനരുജ്ജീവിപ്പിക്കാനായില്ല.

Related Articles

Leave a Reply

Back to top button