Local
പണി പൂർത്തിയായിട്ട് 3 വർഷം; കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ

കൂടരഞ്ഞി: പണി പൂർത്തിയായിട്ട് 3 വർഷം കഴിഞ്ഞിട്ടും പഞ്ചായത്തിലെ കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അധികൃതർ. 10 വർഷം മുൻപ് സി.മോയിൻകുട്ടി എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് ടൗണിലെ കമ്യൂണിറ്റി ഹാൾ നിർമിച്ചത്.
ഇതിന്റെ നിർമാണം പൂർത്തിയായിട്ട് 3 വർഷം ആയെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. നിർമാണം പൂർത്തീകരിച്ച കമ്യൂണിറ്റി ഹാൾ കെട്ടിടം പൊതുജനങ്ങളുടെ ഉപയോഗത്തിന് തുറന്ന് കൊടുക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. മാണി, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജോസഫ്, എ.എസ്. ജോസ്, എ.ടി. ജോസഫ്, പി. ജോസഫ്, ഗ്രേസി പ്ലാത്തോട്ടം, കെ.ജെ. അന്നമ്മ എന്നിവർ പ്രസംഗിച്ചു







