Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് ഫിഫ്റ്റി ഫിഫ്റ്റി കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി

കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കിയ “ഫിഫ്റ്റി ഫിഫ്റ്റി കാർഷിക പദ്ധതി” യുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയവും ആവേശകരവുമായി.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി രണ്ട് വീതം പൂവൻ വാഴക്കന്ന് നൽകുകയും അതിൽ ഒരു വാഴക്കുല സ്വന്തമായെടുക്കുകയും മറ്റൊന്ന് സ്കൂളിലേക്ക് എത്തിക്കണമെന്നുമായിരുന്നു ക്ലബ്ബിന്റെ ആവശ്യം.
സ്കൂൾ അധ്യാപകൻ സുജിത് ലാൽ കൃഷിക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും വളർച്ചയുടെ വിവരങ്ങൾ ചിത്രസഹിതം 50,50 കാർഷിക വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ ആദ്യ വിളവെടുപ്പ് നടത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥി അയാൻഷാ
പിതാവിനോടൊപ്പം ഒരു വലിയ വാഴക്കുലയുമായിട്ടാണ് സ്കൂളിലേക്കെത്തിയത്.
വളരെ സന്തോഷത്തോടെയാണ് അധ്യാപകരും കുട്ടികളും വാഴക്കുല ഏറ്റുവാങ്ങിയത്. സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ അയാൻഷാ യിൽ നിന്ന് ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ വാഴക്കുല ഏറ്റുവാങ്ങി.
അനുമോദനമർപിച്ചു കൊണ്ട് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി.സി അബ്ദുറഹിമാൻ, സ്റ്റാഫ് സെക്രട്ടറി കവിത ടീച്ചർ, തസ്ലീന ടീച്ചർ എന്നിവർ സംസാരിച്ചു. വാഴക്കുല പഴുത്ത ശേഷം കുട്ടികൾക്കായി നൽകുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.







