റോയൽ ട്രാവൽസിന്റെ ‘സുഡാനി ഫ്രം നൈജീരിയ’; വ്യാജ പാസ്പോർട്ട് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: വ്യാജ പാസ്പോർട്ടുമായി പിടിയിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോടിൽ നിന്നും അറസ്റ്റിലായി. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുർ പോലീസാണ് കോഴിക്കോടെത്തി റോയൽ ട്രാവൽസ് ടീം താരം ഒകെ ഇമ്മാനുവൽ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ തന്നെ പ്രശസ്ത സെവൻസ് താരങ്ങളിൽ ഒരാളാണ് യൂക്കോച്ചി. 2015-ലാണ് ഇമ്മാനുവൽ യൂക്കോച്ചി വ്യാജ പാസ്പോർട്ടുമായി നാഗ്പുറിൽ അറസ്റ്റിലാകുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായില്ല. തുടർന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം റോയൽ ട്രാവൽസ് ടീമിൽ ഇമ്മാനുവൽ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പുർ പോലീസ് കോഴിക്കോട്ട് എത്തി യൂക്കോച്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, യഥാർത്ഥ പാസ്പോർട്ട് ഇപ്പോൾ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു. കേരളത്തിൽ പല തവണ ഫുട്ബോൾ കളിക്കാൻ വന്നിട്ടുണ്ടെന്നും യൂക്കാച്ചി കൂട്ടിച്ചേർത്തു. കോഴിക്കോട് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.







