ലൈഫ് മിഷൻ പദ്ധതി: ചോരുന്ന കൂരയിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബങ്ങൾ

തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ട് നാലുമാസമായിട്ടും തുടർനടപടികളാവാത്തതിനാൽ കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ കുടിലുകളിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ആദിവാസിക്കുടുംബങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങൾ.
മലയോരമേഖലയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗം ഉൾപ്പെടെ നൂറുകണക്കിന് പിന്നാക്കകുടുംബങ്ങളാണ് ലൈഫ് ഭവനപദ്ധതിയിൽ പ്രതീക്ഷനട്ടു കഴിയുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി കോളനിയിൽ ആകെയുളള 42 വീടുകളിൽ 35 എണ്ണത്തിന്റെയും അവസ്ഥ വളരെ ശോചനീയമാണ്. കാലപ്പഴക്കംചെന്ന് ജീർണിച്ച കോൺക്രീറ്റ് വീടുകൾക്കെല്ലാം വളരെ ചെറിയ മുറികളാണുള്ളത്. ഇവയിൽത്തന്നെ മഴപെയ്യുന്നതോടെ മേൽക്കൂരയിലൂടെ അരിച്ചിറങ്ങുന്ന വെള്ളം മുറികളിലാകെ തളംകെട്ടിക്കിടന്ന് രോഗങ്ങൾ പരത്തുന്ന അവസ്ഥയാണുള്ളത്.
ഇരുപതോളം കുടുംബങ്ങളാണ് ഇത്തരത്തിൽ അസൗകര്യങ്ങൾക്കു നടുവിൽ വീർപ്പുമുട്ടിക്കഴിയുന്നത്. ചോർച്ച അതിരൂക്ഷമായതിനെത്തുടർന്ന് ഏഴുകുടുംബങ്ങൾ വീടൊഴിഞ്ഞ് അയൽപക്കത്തെ വീടുകളിൽ അഭയംതേടിയിരിക്കുകയാണിപ്പോൾ. 30 വർഷത്തിലേറെ പഴക്കമുള്ളവയാണ് കോളനിയിലെ വീടുകളിൽ മിക്കവയും.
ഒരുവർഷംമുമ്പ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ചൈൽഡ്ലൈൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ, ട്രൈബൽവകുപ്പ്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ, പോലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരടങ്ങിയ സംഘം കോളനി സന്ദർശിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. കോളനിയിലെ 20 വീടുകൾ മൂന്നുവർഷം മുമ്പ് സർക്കാറിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണെന്ന് വാർഡംഗം മഞ്ജു ഷിബിൻ പറയുന്നു.







