ചെറുകിട നിക്ഷേപങ്ങളിലൂടെയും കുടിൽ വ്യവസായങ്ങളിലൂടെയും വലിയ സാദ്ധ്യതകൾ തുറക്കാമെന്നതിൽ നോളജ് സിറ്റി മാതൃക: മന്ത്രി പി രാജീവ്

കോടഞ്ചേരി: കേരള വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് മർകസ് നോളജ് സിറ്റി സന്ദർശനം നടത്തി. മന്ത്രിയോടൊപ്പം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫും സന്ദർശനം നടത്തുകുയും സംരംഭക സംഗമത്തിൽ പങ്കെടുക്കുകയും ചെയ്തു. സംഗമത്തോടനുബന്ധിച്ച് നോളജ് സിറ്റിയിലെ സ്ഥാപന മേധാവികളുമായി മന്ത്രിയും എം.എൽ.എയും ചർച്ച നടത്തി. നോളജ് സിറ്റി സി.ഇ.ഒ ഡോ.അബ്ദുസലാം സംഗമത്തിന് നേതൃത്വം നൽകി.
വീടുകൾ കേന്ദ്രീകരിച്ച് ജോലി സാധ്യതകൾ നിർമിക്കുന്ന നോളജ് സിറ്റിയുടെ പദ്ധതി കേരളത്തിലെ സാമ്പത്തിക നിലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കുമെന്നും വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങുന്നതിനും വീടുകൾക്കകത്ത് വ്യാവസായിക യൂണിറ്റ് തുടങ്ങുന്നതിനുമെല്ലാം തടസ്സമാകുന്നതോ കാലതാമസം വരുത്തുന്നതോ ആയ ഉദ്യോഗതല പ്രയാസങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പുതിയ ഉത്പാദകർക്ക് യൂണിറ്റുകൾ നിയമക്കുരുക്കുകളില്ലാതെ തുടങ്ങാൻ സഹായിക്കുന്ന സംസ്ഥാന തല ബോഡി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.







