Thiruvambady

ദേശീയ അംഗീകാര നിറവിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം

തിരുവമ്പാടി: രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ മികച്ച നേട്ടവുമായി എൻ.ക്യൂ.എ.എസ് അംഗീകാരം നേടി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പരിശോധനയിലാണ് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് (92%) നേടിയത്.

ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായി സാംക്രമിക രോഗ പ്രതിരോധ പ്രവർത്തനം, പാലിയേറ്റീവ് പരിചരണം, രോഗപ്രതിരോധ കുത്തിവെപ്പ്, ജീവിതശൈലീ രോഗ നിർണയ-നിയന്ത്രണ പരിപാടി, ക്ഷയരോഗ നിർമാർജന പരിപാടി, ഐ.ഡി.എസ്.പി പ്രവർത്തനങ്ങൾ, സമ്പൂർണ മാനസികാരോഗ്യ പരിപാടി, കൗമാരാരോഗ്യ ക്ലിനിക്കുകള്‍, മാതൃ ശിശു സംരക്ഷണ പരിപാടി, സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം, നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം, അന്ധതാനിവാരണ പരിപാടി എന്നിവ കാര്യക്ഷമതയും വിജ്ഞാനത്തിനും വിനോദത്തിനുമായി വായന കോർണർ, ഉദ്യാനം, കാത്തിരിപ്പു കേന്ദ്രത്തിൽ വീഡിയോ പ്രദർശന സൗകര്യം, കുട്ടികളുടെ കളിസ്ഥലം എന്നിവ ഒരുക്കിയതും ഉൾപ്പെടെയുള്ള ഒട്ടനവധി പ്രവർത്തനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രത്തെ അംഗീകാര നിറവിൽ എത്തിച്ചത്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി എന്‍.എച്ച്.എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും വിവിധ സംഘടനകളുടെ സഹായവും വിനിയോഗിച്ചിട്ടുണ്ട്. അംഗീകാര നിറവിൽ നിൽക്കുന്ന കേന്ദ്രത്തിന് പ്രസ്തുത ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.

Related Articles

Leave a Reply

Back to top button