കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നു

കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമ സഹായവും നൽകുന്ന പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്നത്. മൂന്ന് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും പദ്ധതി നടപ്പാക്കുന്നത്.
ഏത് തരം കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയിൽ ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുൻപുള്ള ഘട്ടം തുടങ്ങിയവയ്ക്കെല്ലാം നിയമ സഹായം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി നിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമ സഹായ ക്യാമ്പയിനടക്കം പഞ്ചായത്തിൽ സംഘടിപ്പിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 13ന് സംസ്ഥാന നിയമ സേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സബ് ജഡ്ജ് എം.പി ഷൈജൽ വിഷയാവതരണം നടത്തും.







