ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പ്രൊജക്ട് രൂപീകരണ പഠന സംഘം തിരുവമ്പാടി പഞ്ചായത്തിൽ സന്ദർശനം നടത്തി

തിരുവമ്പാടി: കർഷകരുടെ വരുമാന വർദ്ധനവും ജില്ലയിലെ പൊതുടൂറിസ വികസനവും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാം ടൂറിസ പദ്ധതികൾ പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊടുവള്ളി ബ്ലോക്ക് പരിധിയിലുള്ള അഞ്ച് മലയോര പഞ്ചായത്തുകളിൽ നടപ്പിലാക്കുകയാണ്.
പ്രസ്തുത പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടം എന്ന നിലയിൽ അതാത് കൃഷിഭവനുകൾ വഴി കണ്ടെത്തിയ ഫാമുകളിൽ ആവശ്യമായ നവീകരണങ്ങൾക്കായി നടപ്പിലാക്കേണ്ട നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമര്‍പ്പിക്കുവാനും സമാനതകളില്ലാത്ത നൂതന പദ്ധതി എന്ന നിലയിൽ ഫണ്ട് വിനിയോഗത്തിന് മാനദണ്ഡ രൂപീകരണത്തിൽ സഹായിക്കുവാനുമായി ചുമതലപ്പെടിത്തിയിട്ടുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആർക്കിടെക്ചർ വിദ്യാർത്ഥികളും നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സും അടങ്ങുന്ന പതിനേഴംഗ സംഘം തിരുവമ്പാടി പഞ്ചായത്തിലെ ഫാമുകൾ സന്ദർശിച്ച് പഠനം നടത്തി.
ഉത്തരവാദിത്വ ടൂറിസ മിഷൻ റിസോഴ്സ് പേഴ്സൻ അഖിൽ എസ് നായരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ഫാം ടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ, ആൽവിൻ അരീത്തറ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു.







