തോട്ടിലേക്ക് മാലിന്യം തള്ളൽ; കൂടരഞ്ഞിയിൽ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്

കൂടരഞ്ഞി: മഞ്ഞക്കടവ്, പെരുമ്പൂള പ്രദേശങ്ങളിലെ പുഴയിലേക്ക് മാലിന്യം ഒഴുക്കിയ രണ്ടു പന്നിഫാമുകൾ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. നൂറുകണക്കിനാളുകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന തോട്ടിലേക്ക് പന്നിഫാമിൽ നിന്നും നേരിട്ട് മലിനജലവും, അവശിഷ്ടങ്ങളും പുറംതള്ളിയ നായാടംപൊയിലിലെ പന്നിഫാം ഉടമയ്ക്കെതിരെ കേസെടുത്തു. കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്ജാണ് താമരശ്ശേരി കോടതിയിൽ കേസ് ഫയൽ ചെയ്തത്.
കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ സന്ദീപ് കെ, ജെസ്റ്റി ജി ജോസ്, ആദിഷ് പി, റിതേഷ് എന്നിവരടങ്ങുന്ന ഹെൽത്ത് സ്‌ക്വാഡാണ് ഫാമുകളിൽ പരിശോധന നടത്തിയത്. അനധികൃത ഫാമുകളിലെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കും വിധവും പൊതുജനങ്ങൾക്ക് ശല്യമാകും വിധവും പ്രവർത്തിക്കുന്ന ഫാമുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രാദേശിക പൊതുജനാരോഗ്യ അധികാരിയായ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി അറിയിച്ചു.






