തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു

തിരുവമ്പാടി: ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2024ഓടെ ഗാർഹിക കുടിവെള്ള കണക്‌ഷനുകൾ ലഭ്യമാക്കാനായി നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജൽ ജീവൻ മിഷൻ എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 33.9 കോടിയുടേതാണ് പദ്ധതി. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കൽ, ഗാർഹിക കണക്‌ഷനുകൾ നൽകൽ തുടങ്ങിയവ നടന്നുവരികയാണ്. നിർദിഷ്ട കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്ക്ക് സമീപം നാല്പതുമേനിയിലാണ് ജലസംഭരണി നിർമിക്കുന്നത്. ഇതിനായി 25 സെന്റ് സ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങും. 3600 കണക്‌ഷനുകൾ നേരിട്ട് നൽകാനാകും. ബൂസ്റ്റിങ് സ്റ്റേഷനിൽനിന്ന് 1500 കുടുംബങ്ങൾക്ക് കൂടി കണക്‌ഷൻ ലഭ്യമാക്കും.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പ്രാഥമികഘട്ടത്തിൽ എട്ട് പദ്ധതികളാണുള്ളത്. മേജർ പദ്ധതിയിൽ 2984 കുടുംബങ്ങൾക്ക് കൂടരഞ്ഞി ഗോൾഡൻ സൊസൈറ്റി കുന്നിലെ ജലസംഭരണിയിൽ നിന്നാണ് ശുദ്ധജലമെത്തിക്കുക. മാവൂർ കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാൻിൽനിന്നാണ് ഇവിടേക്ക് കുടിവെള്ളമെത്തിക്കുക. 33.1 കോടിയുടെ പദ്ധതിയാണ് 6000 ഗുണഭോക്താക്കൾക്കായി നടപ്പാക്കുന്നത്.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 73.7 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കറുത്തപറമ്പ് എള്ളങ്ങലിലാണ് ജലസംഭരണി സ്ഥാപിക്കുക. ഒരേക്കർ ഭൂമി ഇതിനായി വാങ്ങുമെന്ന് പ്രസിഡന്റ് വി.പി സ്മിത അറിയിച്ചു. 1237 ഗാർഹിക കണക്‌ഷനുകളാണുള്ളത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 66.3 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. തോട്ടുമുക്കത്ത് ബൂസ്റ്റർ സ്റ്റേഷനും എള്ളങ്ങലിൽ ജലസംഭരണിയും ഒരുക്കും. 6663 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം 1400 കണക്‌ഷൻ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് അറിയിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുഷാരഗിരി, മഞ്ഞുമല, കൂരോട്ടുപാറ, കണ്ടപ്പൻചാൽ, തേവർമല എന്നിങ്ങനെ അഞ്ച് പദ്ധതികളാണുള്ളത്. സ്ഥലം ഏറ്റെടുക്കലുൾപ്പെടെയുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. 85.6 കോടിയുടേതാണ് പദ്ധതി.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 106.5 കോടിയുടെ പദ്ധതിയുടെ നിർമാണ പ്രവൃത്തികളും പുരോഗമിച്ചു വരികയാണ്. കേരള വാട്ടർ അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.






