കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

കൊടിയത്തൂർ: ഭവന നിർമ്മാണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് മികച്ച പരിഗണന നൽകികൊണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 26,36,45,324 രൂപ വരവും 25,37,30,396 രൂപ ചിലവും 99,14,928 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച ബജറ്റ് അവതരണ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, കരീം പഴങ്കൽ, ബാബു പൊലുകുന്നത്ത്, ഫസൽ കൊടിയത്തൂർ, കോമളം തോണിച്ചാൽ, കെ.ജി സീനത്ത്, രതീഷ് കളക്കുടിക്കുന്ന്, സെക്രട്ടറി ടി ആബിദ തുടങ്ങിയവർ സംസാരിച്ചു.
ലൈഫ് ഭവനപദ്ധതിവഴി വീട് നിർമ്മാണത്തിന് ഹഡ്കോയിൽ നിന്ന് രണ്ടു കോടി രൂപ വായ്പ എടുത്തു 108 വീടുകളുടെ നിർമാണം ആറു മാസം കൊണ്ട് പൂർത്തിയാക്കും. അത്യാധുനിക സൗകര്യങ്ങളോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് പുതിയ വെബിനാർ ഹാൾ നിർമ്മിക്കും. ആരോഗ്യമേഖലയിൽ ശിഹാബ് തങ്ങൾ കാരുണ്യ പദ്ധതി നടപ്പാക്കും. തോട്ടുമുക്കം ആരോഗ്യ സെൻ്ററിന് ജില്ലാ മിനറൽ ഫൗണ്ടേഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തും. അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ആശ്വാസ് ക്ലിനിക് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെച്ചു. പുതിയനിടത്തും കഴുത്തൂട്ടിപുറായിലും ആരോഗ്യ ഉപകേന്ദ്രങ്ങൾ നിർമ്മിക്കും. പന്നിക്കോട് ഹോമിയോ ആശുപത്രിയ്ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് 5 ലക്ഷം രൂപ. ഹോമിയോ ആശുപത്രിയോട് ചേർന്ന ഓട്ടിസം സെൻററിന് കെട്ടിടം നിർമ്മിക്കാനായി 5 ലക്ഷം രൂപ. പശ്ചാത്തല മേഖലയിൽ ഇടവഴിക്കടവ് ചെറുവാടി റോഡ്, ഇടവഴിക്കടവ് കഴുത്തൂട്ടിപുറായി തെയ്യത്തും കടവ് റോഡ്, കാരക്കുറ്റി പാലക്കുഴി വലിയ തടയി റോഡ്, കാരക്കുറ്റി ഉണ്ണിമോയിഹാജി റോഡ്, മാട്ടുമുറി-കണ്ണംപറമ്പ്-വലിയതടയി റോഡ്, കണ്ടങ്ങൽ കുറുവാടങ്ങൽ ചക്കിട്ടകണ്ടി വലിയതടായി റോഡ്, പാറപ്പുറം പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ റോഡ് എന്നി പുതിയ റോഡുകൾ നിർമിക്കും. ഇതിനു പുറമേ നിലവിലെ 35 റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി നിരവധി പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.







