Kodiyathur

കൊടിയത്തൂരിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു

കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങൾ എന്നിവ പടരാനുള്ള സാധ്യത തടയാൻ ജനകീയപങ്കാളിത്തത്തോടെ മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ പൊതുസ്ഥാപനങ്ങളിലാണ് ശുചീകരണം തുടങ്ങിയത്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അതത് വാർഡിലെ മുഴുവൻ അങ്കണവാടികളിലും ആരോഗ്യസ്ഥാപനങ്ങളിലും ശുചീകരണം നടന്നു. അങ്കണവാടി വർക്കർമാർ, രക്ഷിതാക്കൾ, എ.എൽ.എം.സി അംഗങ്ങൾ, നാട്ടുകാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്തംഗങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ശുചീകരണപ്രവൃത്തികളിൽ പങ്കാളികളായി. കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വാഡുകളിലും 50 മുതൽ 100 വരെ വീടുകൾ കേന്ദ്രീകരിച്ച് ക്ളസ്റ്റർ തിരിച്ച് കുടുംബശ്രീകളുടെ നേതൃത്വത്തിൽ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ പിഴയടക്കം കർശന നടപടിയിലേക്ക് പോവുന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്തി. ഏപ്രിൽ 16ന് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ കടകളും വീടുകളും പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. തുടർന്നുള്ള ഓരോ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കാനും തീരുമാനമായിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പഞ്ചായത്തുതല ശുചീകരണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറം, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, അസി.സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button