Mukkam

മുക്കത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: ജനകീയ പങ്കാളിത്തത്തോടെ സമഗ്ര ട്രാഫിക് പരിഷ്കരണവും പാർക്കിങ് സൗഹൃദ നഗര പദ്ധതിയും നടപ്പിലാക്കുന്നു

മുക്കം: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സമഗ്രമായ ട്രാഫിക് പരിഷ്കരണ പദ്ധതികൾക്ക് രൂപം നൽകുന്നു.

പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ മുക്കത്തെ ഒരു പൂർണ്ണ ‘പാർക്കിങ് സൗഹൃദ നഗര’മാക്കി മാറ്റുകയാണ് നഗരസഭ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി മുക്കത്തെ വാണിജ്യമേഖലയ്ക്കും പുത്തൻ ഉണർവ്വ് കൈവരിക്കാൻ സാധിക്കും.

പൊതുഗതാഗതത്തെ പ്രധാനമായും ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാരുടെ യാത്രാസൗകര്യവും സുരക്ഷിതത്വവുമാണ് ഈ പരിഷ്കാരങ്ങളുടെ മുൻഗണന. പൊതുഖജനാവിന് അധിക സാമ്പത്തിക ബാധ്യത വരുത്താതെ, കുറഞ്ഞ ചെലവിൽ public-private partnership (PPP) മാതൃകയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി നഗരത്തിലെ ലഭ്യമായ പൊതു ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പാർക്കിങ് കേന്ദ്രങ്ങളാക്കി മാറ്റും.

പൊതു ഇടങ്ങൾ ലഭ്യമല്ലാത്തിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തിക്കൊണ്ട് പുതിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കും. കാൽനടയാത്രക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചു കടക്കുന്നതിനായി സീബ്രാ ലൈനുകളിൽ ജീവൻ രക്ഷാ ജ്യോതി സംവിധാനം ഏർപ്പെടുത്തും. ഇത് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ നഗരസഭയായിരിക്കും മുക്കം. ഭാവിയിൽ ന​ഗരസഭയിലെ തിരക്കേറിയ മുക്കം പി.സി ജം​ഗ്ഷൻ, മണാശ്ശേരി അങ്ങാടി, നീലേശ്വരം ഹൈസ്കൂൾ എന്നിവിടങ്ങളിൽ യാത്രക്കാർക്ക് തന്നെ സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന പെഡസ്ട്രിയൽ ക്രോസിങ് (Pedestrian-Controlled Crossing) സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
നഗരത്തിന്റെ സമഗ്രമായ വികസനത്തിനും സുഗമമായ ഗതാഗത സംവിധാനത്തിനുമായി നടപ്പിലാക്കുന്ന ഈ പദ്ധതി വിജയകരമാക്കാൻ നഗരസഭയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. പൊതുജനങ്ങൾ, വ്യാപാരി സംഘടനകൾ, ബസ്-ഓട്ടോ-ടാക്സി ജീവനക്കാർ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും ഈ ട്രാഫിക് പരിഷ്കരണ സംരംഭത്തോട് പൂർണ്ണമായി സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി അഭ്യർത്ഥിച്ചു.

ട്രാഫിക് പരിഷ്കരണത്തിന്റെ ഭാ​ഗമായി ഉടൻ നടപ്പിൽ വരുത്തുന്ന മാറ്റങ്ങൾ താഴെ കൊടുക്കുന്നു.

  1. ഇനിമേൽ എല്ലാ ബസ്സുകളും മുക്കം മാളിന് എതിർവശത്തുള്ള ബൈപാസ് റോഡ് വഴി ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കേണ്ടതും ആലിൻചുവട് – അഭിലാഷ് ജം​ഗ്ഷൻ വഴി പുറത്തേക്ക് പോവേണ്ടതുമാണ്.
  2. അരീക്കോട്, കൊടിയത്തൂർ ഭാ​ഗങ്ങളിലേക്ക് പോവുന്ന ബസ്സുകൾ ബൈപാസ്സ് റോ‍ഡ് വഴി പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിച്ച് മാർക്കറ്റ് റോഡ് – ആലിൻ ചുവട് – അഭിലാഷ് ജം​ഗ്ഷൻ വഴി പുറത്തേക്ക് പോവേണ്ടതാണ്. ഈ ബസ്സുകൾ യാതൊരു കാരണവശാലും പഴയ ബസ്സ്റ്റാന്റിലേക്ക് പ്രവേശിക്കാൻ പാടുള്ളതല്ല.
  3. പുതിയ ബസ്സ്റ്റാന്റിൽ 5 ഉം പഴയ ബസ്സ്റ്റാന്റിൽ 14 ബസ്സുകൾ മാത്രമേ ഒരേ സമയം പാർക്ക് ചെയ്യാൻ പാടുള്ളൂ. യാതൊരു കാരണവശാലും 20 മിനിറ്റിൽ കൂടുതൽ ബസ്സുകൾ സ്റ്റാന്റിൽ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്.
  4. അന്യവാഹനങ്ങൾ ബസ്സ്റ്റാന്റിൽ പ്രവേശിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്.
  5. പഴയ ബസ് സ്റ്റാന്റ് മുതല്‌‍ ആലിൻ ചുവട് വരെയുള്ള ഭാ​ഗത്ത് യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല.
  6. ടൂ വീലറുകളും ഫോർ വീലറുകളും പാർക്കിങ്ങിനായി അടയാളപ്പെടുത്തിയ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.
  7. മുക്കം മിനി പാർക്ക് വരെ റോഡിന്റെ ഇരു ഭാ​ഗങ്ങളിലും 2 വീലർ, 4 വീലർ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകുന്നതാണ്.
  8. പി.സി റോഡ് വൺ വേ ആയിരിക്കും. വാഹനങ്ങൾ പി.സി ജം​ഗ്ഷനിൽ നിന്ന് ആലിൻചുവട്ടിലേക്കുള്ള വഴി മാത്രമേ പി.സി രോഡിൽ പ്രവേശിക്കാവൂ. ഈ റോഡിന്റെ തെക്കു ഴശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ.
  9. പി.സി ജം​ഗ്ഷനിൽ ഒരു സൈഡിൽ ടാക്സി വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാവുന്നതും അടുത്ത സൈഡ് ജം​ഗ്ഷൻ ഒഴിവാക്കി ടൂ വീലർ പാർക്ക് ചെയ്യാവുന്നതുമാണ്.
  10. പോലീസ് സ്റ്റേഷന്റെ മുൻവശം റോഡിന്റെ ഇരു വശങ്ങളിലും ടൂ വീലർ ഫോർ വീലർ പാർക്കിങ് സംവിധാനം ഒരുക്കുന്നതാണ്.
  11. അ​ഗസ്ത്യൻമുഴി മിനി എം.സി.എഫിന്റെ അരികിലായി ഒരു പുതിയ ബസ് സ്റ്റോപ്പ് അനുവദിക്കുന്നതാണ്. ഇതിനോട് ചേർന്ന് ഇരുവശങ്ങളിലും ടൂ വീലർ ഫോർ വീലർ പാര്‌‍ക്കിങ് അനുവദിക്കുന്നതാണ്.
  12. അഭിലാഷ് ജം​ഗ്ഷനിൽ കേരള ബാങ്കിന് എതിർവശത്തായി ഒരു ബസ് സ്റ്റോപ്പ് അനുവദിക്കുന്നതാണ്.
  13. വില്ലേജ് ഓഫീസ് മുതൽ പുതിയ സ്റ്റാന്റ് വരെയുള്ള റോഡിന്റെ ഇടതുവശം മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ.
  14. ആലിൻചുവട് മുതൽ അഭിലാഷ് ജം​ഗ്ഷൻ വരെയുള്ള റോഡിലെ വൺ വേ സംവിധാനം ഒഴിവാക്കി.
  15. മുക്കം വൈ ബ്രിഡ്ജ് കഴിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് ഓർഫനേജ് രോഡ് വഴിയും മാർക്കറ്റ് റോഡ് വഴിയുമായി ആലിൻ ചുവട്ടിലേക്ക് പ്രവേശിക്കാവുന്നതാണ്. ഓർഫനേജ് റോഡ് വഴി വരുന്ന വാഹനങ്ങൾ എസ്.കെ. പാർക്കിനു മുന്നിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

Related Articles

Leave a Reply

Back to top button