Mukkam

മുക്കത്ത് ചാരിറ്റിയുടെ മറവിൽ സ്വന്തം ക്യുആർ കോഡ് നൽകി പണം തട്ടിയ ട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ

മുക്കം: മുക്കത്ത് ചാരിറ്റിയുടെ മറവിൽ പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. എസ്എംഎ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി പണം സമാഹരിച്ച ശ്രീലക്ഷ്മി ട്രസ്റ്റ് ചെയർമാൻ നൈസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ ചികിത്സയ്ക്കായി പണം നൽകേണ്ട അക്കൗണ്ടിന് പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോഡ് നൽകി പണം തട്ടിയെന്നാണ് കേസ്. എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നാടൊന്നാകെ പണം സമാഹരിക്കുന്നതിനിടെയാണ് കുട്ടികളുടെ പേരിൽ തന്നെ തട്ടിപ്പ് നടന്നത്.

ചികിത്സയ്ക്കായി 50 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവം പുറത്തുവരുന്നത്. ശ്രീലക്ഷ്മി ട്രസ്റ്റിന്റെ പേരിൽ ചെയർമാൻ നൈസാം പത്ത് ലക്ഷത്തിലധികം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.ഇതിന് പുറമെ മറ്റ് കിടപ്പുരോഗികളുടെ ചികിത്സയ്ക്കും നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും എന്ന പേരിലും ഇയാൾ പണം സമാഹരിച്ചതായാണ് വിവരം.

ട്രസ്റ്റിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
നൈസാം സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button