Mukkam

കിണർ വൃത്തിയാക്കുമ്പോൾ അപകടം പതിവാകുന്നു; സുരക്ഷാ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന

മുക്കം: ശുചീകരിക്കാൻ കിണറ്റിൽ ഇറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായതോടെ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ ബോധവത്കരണവുമായി മുക്കം അഗ്നിരക്ഷാസേന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 12 കിണർ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സ്റ്റേഷൻ ഓഫീസർ കിണറ്റിൽ ഇറങ്ങുന്നവർക്കായി മുന്നറിയിപ്പ് നിർദേശം നൽകിയത്. ഉപയോഗിക്കുന്ന കയറുകളും കോണികളും മറ്റ്‌ ഉപകരണങ്ങളും സുരക്ഷിതമാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും മറ്റാരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രം ഇത്തരം പ്രവൃത്തികൾ ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.

അവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട 101 നമ്പറും രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്തിച്ചേരാനുള്ള വഴിയും സഹായിയെ ബോധ്യപ്പെടുത്തണം. കിണറ്റിൽ ഓക്സിജന്റെ അളവ് ആവശ്യത്തിന് ഉണ്ടോയെന്നും മീഥൈനിന്റെ സാന്നിധ്യമുണ്ടോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത് എളുപ്പത്തിൽ പരിശോധിക്കാനുള്ള നടപടിക്രമങ്ങളും നിർദേശത്തിലുണ്ട്.

ബക്കറ്റിൽ അല്പം മണ്ണോ മണലോ നിറച്ച് മെഴുകുതിരിയോ വിളക്കോ കത്തിച്ച്‌ മണ്ണിൽ ഉറപ്പിച്ചശേഷം കയറിന്റെ സഹായത്താൽ കിണറ്റിലേക്കിറക്കണം. ഒരു മിനിറ്റുനേരം കഴിഞ്ഞ് തീനാളം അണയുന്നില്ലെങ്കിൽ ഓക്സിജന്റെ സാന്നിധ്യം ഉറപ്പിക്കാം. കിണറ്റിൽ സ്ഫോടനശബ്ദത്തോടെ തീ ആളിക്കത്തുകയാണെങ്കിൽ മീഥൈനിന്റെ സാന്നിധ്യമുണ്ടാകാമെന്നും നിർദേശത്തിൽ പറയുന്നു. ധാരാളം ഇലകളുള്ള മരച്ചില്ല, കപ്പിയും കയറുമുപയോഗിച്ച് പലതവണ കിണറ്റിലേക്ക്‌ ഇറക്കുകയും ഉയർത്തുകയും ചെയ്താൽ ഇതിന് പരിഹാരമാകുമെന്നും നിർദേശത്തിലുണ്ട്. മുക്കം സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലാണ് സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ മുൻകരുതലുകൾ നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നത്.

Related Articles

Leave a Reply

Back to top button