തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനു നേരെയുള്ള അച്ചടക്ക നടപടി; ലീഗിൽ കൂട്ടരാജി ഭീഷണി

തിരുവമ്പാടി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ലീഗിൽ കൂട്ടരാജി ഭീഷണി. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്രവാർത്ത വന്നിരുന്നു. ലീഗ് മണ്ഡലം കൗൺസിലറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.എ അബ്ദുറഹ്മാനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ രാജിഭീഷണി ഉയർന്നത്. ദളിത്പക്ഷ നിലപാട് കൈക്കൊണ്ടതിന്റെ പേരിൽ കൗൺസിലറെ നീക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് നേതൃത്വത്തെ രാജിഭീഷണി അറിയിച്ചത്. നിയോജകമണ്ഡലം പ്രസിഡണ്ടിന് രാജിക്കത്ത് നൽകിയെങ്കിലും സ്വീകരിച്ചില്ല എന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കോയ പുതുവയൽ പറഞ്ഞു. പാർട്ടി പോഷകസംഘടന ഭാരവാഹികൾ അടങ്ങുന്ന വിഭാഗമാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബുവിനെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ തഴഞ്ഞതുമായി ബന്ധപ്പെട്ട് നൽകിയ പ്രസ്താവനയാണ് വിവാദമായത്.







