കൊവിഡ് 19; ഇന്ത്യയില്‍ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല, റിപ്പോര്‍ട്ടില്‍ തെറ്റുപറ്റിയതാണെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന്റെ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹികവ്യാപനം ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം ഉണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെയെല്ലാം സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. വൈറസ് ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ വിദേശയാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാജ്യത്ത് ഇതുവരെ 199 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 6000ത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.







