India

കൊവിഡ് 19; വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുക, എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, സ്വന്തം വീടിന്റെ കരുതല്‍ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുക, തൊഴില്‍ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. രാജ്യത്തെ
അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതായും പ്രധാനമന്ത്രി ഇന്ന് അറിയിച്ചു. ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം നാളെ മുതല്‍ ഏപ്രില്‍ 20 വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും കൊവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button