എസ്.കെ. സ്മൃതി കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി വിദ്യാർഥികൾ

കൊടിയത്തൂർ : വിശ്വസഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഇരുവഞ്ഞിതീരത്ത് വിദ്യാർഥികൾ സന്ദർശനം നടത്തി. ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥികളാണ് മുക്കംകടവിലെ എസ്.കെ. സ്മാരകം സന്ദർശിച്ചത്. എസ്.കെ. ‘നാടൻപ്രേമ’ത്തിന്റെ രചനയ്ക്കായി ഏറെനാൾ താമസിച്ച പ്രദേശമാണ് മുക്കം. ഇരുവഞ്ഞിയും മുക്കം ഗ്രാമത്തെയും പശ്ചാത്തലമാക്കിയാണ് നോവൽ രചിച്ചിട്ടുള്ളതും.
ഇങ്ങനെ മുക്കത്തിന് സമ്പന്നമായ സത്കീർത്തി സമ്മാനിച്ച സാഹിത്യനായകന്റെ ചിരസ്മരണയ്ക്കായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്താണ് എസ്.കെ. സ്മൃതികേന്ദ്രം നിർമിച്ചത്. 2005 ഓഗസ്റ്റ് 12-ന് ഡോ. സുകുമാർ അഴീക്കോടാണ് എം.എൻ. കാരശ്ശേരിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
അടിസ്ഥാനപാഠാവലിയിലെ ആദ്യപാഠം രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനത്തിലേക്ക് എസ്.കെ. പൊറ്റെക്കാട്ട് നടത്തിയ സഞ്ചാരത്തെക്കുറിച്ചാണ്. ഈ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് എസ്.കെ.യുടെ പാദസ്പർശമേറ്റതും സ്മാരകകുടീരം സ്ഥിതിചെയ്യുന്നതുമായ സ്ഥലം വിദ്യാർഥികൾ കാണാനെത്തിയത്. അധ്യാപകരായ ഉണ്ണികൃഷ്ണൻ, അജില, റീന, എന്നിവർ നേതൃത്വം നൽകി. സലാം കാരമൂല, ഉമശ്രീ കിഴക്കുമ്പാട്ട്, അഹമ്മദ് കുട്ടി എന്നിവർ കുട്ടികളുമായി സംവദിച്ചു.







