അവിശ്വാസപ്രമേയം; യു.ഡി.എഫ്. ധർണ നടത്തി

മുക്കം : മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബെവറജസ് ഔട്ട്ലെറ്റ് അനുവദിച്ചതിനെതിരേ നഗരസഭയിലെ യു.ഡി.എഫ്., വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനുമുന്നിൽ ധർണ നടത്തി. സമരം കെ.പി.സി.സി. അംഗം ഹബീബ് തമ്പി ഉദ്ഘാടനംചെയ്തു.
ബെവറജസ് ഔട്ട്ലറ്റ് അനുവദിച്ചതിനെതിരേ നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണിനുമെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് അടുത്തമാസം മൂന്നിന് ചർച്ചചെയ്യാനിരിക്കെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ധർണനടത്തിയത്.
നഗരസഭയിലെ കൗൺസിലർമാരെ തെറ്റിദ്ധരിപ്പിച്ചാണ് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണും ലൈസൻസ് അനുവദിച്ചതെന്നും കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മുക്കത്തെ ഔട്ട്ലറ്റ് അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ സംസാരിച്ചു. കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഗഫൂർ, എം. മധു എന്നിവർ നേതൃത്വംനൽകി.
നഗരസഭയിലെ പെരുമ്പടപ്പിൽ ബെവറജസ് ഔട്ട്ലറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. നടത്തുന്ന പ്രചാരണവും അവിശ്വാസപ്രമേയവും രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത് കൗൺസിലിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.







