കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മുക്കം : കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് കരക്കുകയറ്റി സംസ്കരിച്ചു. മുക്കം നഗരസഭയിലെ തൂങ്ങുംപുറം ഉരുളൻകുന്നുമ്മൽ അബ്ദുറഹീമിന്റെ വീട്ടിലെ കിണറ്റിൽവീണ പന്നിയെയാണ് വെടിവെച്ച് കൊന്നത്. ഇന്നലെ രാവിലെ 9.30ഓടെയാണ് പന്നി കിണറ്റിൽ വീണത്. തുടർന്ന് നഗരസഭ കൗൺസിലറെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.
മുക്കം അഗ്നിരക്ഷാസേനയെത്തി പന്നിയെ റെസ്ക്യു നെറ്റ് ഉപയോഗിച്ച് ജീവനോടെ മുകളിലേക്ക് കയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ അനുമതിയോടെ മുക്കം നഗരസഭയിലെ എംപാനൽ ഷൂട്ടർ ചന്ദ്രമോഹൻ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. നാല് തവണയാണ് വെടിവെച്ചത്.
തുടർന്ന് കിണറ്റിൽനിന്ന് പുറത്തെടുത്ത പന്നിയെ നഗരസഭ കൗൺസിലർ റുബീനയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെന്നും കാട്ടുപന്നി ശല്യത്തിന് അതികൃതർ പരിഹാരം കാണണമെന്നും വീട്ടുകാരനും കർഷകനുമായ അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. പന്നിശല്യത്തെ തുടർന്ന് സ്കൂളിലും മദ്റസയിലുംപോവുന്ന കുട്ടികൾക്കും നാട്ടുകാർക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.