കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം പ്രതിഷേധവുമായി കോടഞ്ചേരി മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ

കോടഞ്ചേരി: മലയോര മേഖലകളിൽ പരിസ്ഥിതി ലോല മേഖലകൾ (ഇ. എസ്. എ ) അന്തിമമായി നിർണ്ണയിക്കുന്നതിൽ സംസ്ഥാന സർക്കാർ ബോധപൂർവ്വമായ വീഴ്ച വരുത്തുന്നതിൽ പ്രതിഷേധിച്ച്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം കടുത്ത പ്രതികരണം അറിയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് പരിശോധനകൾക്ക് അടിസ്ഥാനമായ കെ.എം.എൽ ഫയലുകൾ സര്ക്കാര് ആഴ്ചകളായി പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും,ഈ രേഖകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും, പ്രദേശവാസികളുടെ ആശങ്കകൾ മറികടക്കാൻ മുഖ്യമന്ത്രി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആരോപിക്കുകയും ആവശ്യപ്പെടുകയും ചെയ്തു.
ഇത് സംബന്ധിച്ചുള്ള മാപ്പുകൾ പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, ജനങ്ങളുടെ അഭിപ്രായം കേട്ട ശേഷമേ ഇ. എസ്. എ വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യാവു എന്ന് മണ്ഡലം കോൺഗ്രസ് നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മൗനം വെടിഞ്ഞ് സ്ഥിതിഗതികൾ പരസ്യപ്പെടുത്തണമെന്നും, ഈ മാസം 17-ന് തിരുവമ്പാടി നടക്കുന്ന ഡിസിസി കർഷക മാർച്ച് വിജയിപ്പിക്കാനാണ് നേതൃത്വം സംഗമം തീരുമാനിച്ചതെന്നും പരിപാടിയിൽ വ്യക്തമാക്കി.







