തിരുവമ്പാടി കൂമ്പാറ ബസ് സ്റ്റാൻഡിന് സമീപമുള്ള ആശ്രയകേന്ദ്രം നശിക്കുന്നു

തിരുവമ്പാടി :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ ബസ്സ്റ്റാൻഡിനോടനുബന്ധിച്ച് നിർമ്മിതമായ ആധുനിക വഴിയോരവിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) യാത്രക്കാർക്ക് ഉപകാരപ്പെടാതെ കാടുകയറുകയാണ്. 2022 ഓഗസ്റ്റ് 14-ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തതാണ് ഇത് . എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും കേന്ദ്രം പ്രവർത്തനരഹിതമാണ്.
ശുചിത്വമിഷൻ ഫണ്ടിൽ നിന്നും 7.78 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഈ കേന്ദ്രം, അമ്മമാർക്ക് മുലയൂട്ടൽ ഉൾപ്പെടെ നിരവധി പ്രാഥമിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഈ ബസ് സ്റ്റാൻഡ് യാർഡായി നൽകിയത് ഈ വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി.
ഇപ്പോൾ വിശ്രമകേന്ദ്രം പ്രവർത്തനശേഷി കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ രംഗത്ത് എത്തുകയാണ്. കക്കാടംപൊയിൽ, പൂവാറൻതോട് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ആശ്രയമാകേണ്ട ഈ പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്കു ശരിയായ രീതിയിൽ ലഭിക്കുന്നില്ല എന്ന്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി, “മഴമാറിയാലുടൻ പരിസരം റീടാർ ചെയ്യുന്നതോടെ വിശ്രമമന്ദിരം തുറന്നുപ്രവർത്തിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.







