Thiruvambady

അന്ന് ജോയിച്ചേട്ടൻ കൈത്താങ്ങായില്ലെങ്കിൽ… തിരുവമ്പാടിക്ക് കെഎസ്ആർടിസി ഉണ്ടാകുമായിരുന്നോ

തിരുവമ്പാടി: ഇന്നലെ അന്തരിച്ച ടി.പി. ജോയിയുടെ വിയോഗത്തിൽ തിരുവമ്പാടിയും മലയോര മേഖലയിലെ ജനങ്ങളും ഓർക്കേണ്ടത് നാടിനായി അദ്ദേഹം ചെയ്ത വലിയൊരു നന്മ കൂടിയാണ്.

2008-ൽ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് തിരുവമ്പാടിക്ക് കെഎസ്ആർടിസി സബ് ഡിപ്പോ അനുവദിച്ചത്. എന്നാൽ ഡിപ്പോ പ്രവർത്തനം ആരംഭിക്കാൻ ബസുകൾ പാർക്ക് ചെയ്യുന്നതിനും ഗ്യാരേജ് ഒരുക്കുന്നതിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയായി.

ഈ സാഹചര്യത്തിലാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ടി.പി. ജോയിയെ സമീപിച്ചത്. സ്വന്തം ഉടമസ്ഥതയിലുള്ള അനുരാഗ് ഓഡിറ്റോറിയത്തിന്റെ മുൻഭാഗത്ത് കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാനും പിൻഭാഗത്ത് ഗ്യാരേജ് ആരംഭിക്കാനും ആറുമാസത്തേക്ക് സ്ഥലം അനുവദിക്കുകയായിരുന്നു അദ്ദേഹം.

ജോയിച്ചേട്ടൻ അന്ന് ആ സ്ഥലം അനുവദിച്ചില്ലായിരുന്നെങ്കിൽ തിരുവമ്പാടിക്ക് അനുവദിച്ച കെഎസ്ആർടിസി സബ് ഡിപ്പോ മറ്റൊരു പഞ്ചായത്തിലേക്ക് മാറിപ്പോകുമായിരുന്നുവെന്നാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.ആറുമാസത്തേക്ക് അനുവദിച്ച സ്ഥലത്ത് കെഎസ്ആർടിസി പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നാൽ സ്വന്തം സ്ഥലത്തേക്ക് ഡിപ്പോ മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പല ഭരണസമിതികളും മാറിവന്നിട്ടും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയാത്തത് ഗൗരവമായി കാണേണ്ട വിഷയമാണ്.

ജോയിച്ചേട്ടന്റെ മരണത്തോടെ അദ്ദേഹത്തോട് തിരുവമ്പാടിക്കുള്ള കടപ്പാട് ഒരിക്കൽ കൂടി ഓർമിക്കപ്പെടുകയാണ്. അദ്ദേഹം ഉദാരമായി നൽകിയ സ്ഥലത്തുനിന്ന് കെഎസ്ആർടിസിയെ എത്രയും വേഗം സ്വന്തം സ്ഥലത്തേക്ക് മാറ്റാൻ നിലവിലെ ഭരണാധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.ജീവിച്ചിരിക്കുമ്പോൾ നാടിനായി ചെയ്ത നന്മകൾക്ക് മരണശേഷമെങ്കിലും നന്ദിയുള്ളവരാകുക എന്നത് സമൂഹത്തിന്റെ കടമയാണ്. ജോയിച്ചേട്ടനോട് തിരുവമ്പാടിക്ക് പുലർത്താനുള്ള കടപ്പാടിന്റെ ഏറ്റവും വലിയ തെളിവായിരിക്കും കെഎസ്ആർടിസിക്ക് സ്വന്തം ഇടം ഒരുക്കി നൽകുന്നത്.

Related Articles

Leave a Reply

Back to top button