Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലോക എയ്ഡ്സ് ദിനം ആഘോഷിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സെൻറ് ജോസഫ്സ് ഹൈസ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു.

പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ എയ്ഡ്സ് ദിന വാർത്താപത്രിക പ്രകാശനം ചെയ്ത് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റിൻ പുരയിടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ലോക എയ്ഡ്സ് ദിനത്തിന്റെ ഈ വർഷത്തെ പ്രമേയമായ “അവകാശങ്ങളുടെ പാത സ്വീകരിക്കൂ” എന്ന ആശയത്തിൻ ചുറ്റും പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിച്ചു. എയിഡ്സ് ബാധിതർക്കുള്ള സാമൂഹിക സുരക്ഷയും അവരെ ഒറ്റപ്പെടുത്താതിരിക്കുന്നതിനുള്ള ബോധവത്കരണവും പരിപാടിയുടെ പ്രധാന ലക്ഷ്യമായിരുന്നു.

1988 മുതലാണ് ലോക എയ്ഡ്സ് ദിനം ഡിസംബർ 1-ന് ആചരിച്ചു തുടങ്ങിയത്. വിവിധ ബോധവത്കരണ പരിപാടികളിലൂടെ ആളുകളെ എയ്ഡ്സിന്റെ ഗുരുത്വം തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

പ്രമേയവുമായി ബന്ധപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ, എം.എൽ.എസ്.പി അൽഫോൺസ് ബേബി, സീന തോമസ് എന്നിവർ ക്ലാസുകൾ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പി.ടി.എ പ്രസിഡന്റ്‌ വിൽസൺ താഴത്തുപറമ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എയ്ഡ്സ് ബോധവൽക്കരണ പ്രതിജ്ഞ, വാർത്താപത്രിക, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികൾ കൂടി ചടങ്ങിന് മാറ്റുകൂട്ടി.

Related Articles

Leave a Reply

Back to top button