ബാഫഖി തങ്ങൾ സ്മാരകത്തിന് സഹായഹസ്തവുമായി പോർക്കലി ഭഗവതി ക്ഷേത്ര കമ്മിറ്റി

കൂടരഞ്ഞി: കോഴിക്കോട് നഗരത്തിൽ ബാഫഖി തങ്ങൾ സ്മാരക കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ആപ്പ് മുഖേന നടത്തിയ ഫണ്ടിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം വക സംഭാവന നൽകിക്കൊണ്ട് നടന്നു.
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഒരു കാലഘട്ടത്തിൻറെ ഇതിഹാസമാണെന്നും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്ത്യൻ മതേതരത്വത്തിന് ഊടും പാവും നൽകിയെന്നും പോർക്കലി ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുന്ദരൻ എ. പ്രണവം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സംസ്കാരത്തിന് ഹൈന്ദവ-മുസ്ലിം സാഹോദര്യം നൽകിയ സംഭാവനകൾ അമൂല്യമാണെന്നും സുന്ദരൻ എ. പ്രണവം ചടങ്ങിൽ അഭിപ്രായപ്പെട്ടു. കൂടരഞ്ഞിയിലെ പ്രാചീനമായ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡൻറ് ദിനേശൻ അക്കരെ തൊടി അധ്യക്ഷനായിരുന്നു.
തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി. കെ. കാസിം ക്ഷേത്ര ഭാരവാഹികളിൽ നിന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.
ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ. ഐ. അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി, ട്രഷറർ ഷാജി തെക്കഞ്ചേരി, ക്ഷേത്ര കമ്മിറ്റി ട്രഷറർ വിജയൻ പൊറ്റമ്മൽ, വൈസ് പ്രസിഡൻറ് ഗിരീഷ് കൂളിപ്പാറ, രക്ഷാധികാരി പ്രകാശ് ഇളപ്പുങ്കൽ, മാതൃസമിതി പ്രസിഡൻറ് രമണി ബാലൻ എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികൾ പങ്കെടുത്തു.