Kozhikode

വലിയങ്ങാടിയിൽ പ്രതിരോധ നടപടികൾക്കു തീരുമാനം

കോഴിക്കോട്∙ കോവിഡിനെ പടിക്കു പുറത്തു നിർത്താൻ വലിയങ്ങാടിക്ക് ‘വലിയപൂട്ടുമായി’ അധികാരികൾ രംഗത്ത്. രാവിലെ വലിയങ്ങാടിയിലെത്തിയ കലക്ടർ സാംബശിവ റാവുവും സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജും വ്യാപാരി, തൊഴിലാളി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു സുരക്ഷാ മാർഗനിർദേങ്ങൾ നൽകി. മാസ്ക് ഉപയോഗം നിർബന്ധമാക്കി. ഇതു പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന വാഹനങ്ങളിലെ ജീവനക്കാരെ ജില്ലാ അതിർത്തികളിൽ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെന്നു കലക്ടർ പറഞ്ഞു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതലുകൾ എടുക്കേണ്ട ആവശ്യകത അദ്ദേഹം ബന്ധപ്പെട്ടവരോട് പറഞ്ഞു.

ഡപ്യൂട്ടി കലക്ടർമാരായ ഇ.അനിത കുമാരി, കെ.ഹിമ, സൗത്ത് അസി. കമ്മിഷണർ എ.ജെ.ബാബു, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്.ഗോപകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ശ്യാംസുന്ദർ ഏറാടി, സെക്രട്ടറി പി.എം.ബഷീർ അഹമ്മദ്, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

സെൻട്രൽ മാർക്കറ്റിലേക്ക് വരുന്നവർക്കും പരിശോധന

∙ ഇതര സംസ്ഥാനങ്ങളിൽനിന്ന് മത്സ്യവുമായി വരുന്ന ലോറികളിലെ ജീവനക്കാരുടെയും ശരീരോഷ്മാവ് വലിയങ്ങാടിയിലെ പോയിന്റിൽ പരിശോധിക്കും. തുടർന്ന് ലോറികൾ സെൻട്രൽ മാർക്കറ്റിലെത്തണം. ഇവിടെനിന്ന് സ്ലിപ് നൽകും. 17 ലോറികൾക്ക് മാത്രമേ കോർപറേഷൻ പരിധിയിൽ മത്സ്യം ഇറക്കാനുള്ള അനുമതിയുള്ളൂ. ഇതിൽ രണ്ടെണ്ണം മാത്രം സെൻട്രൽ മാർക്കറ്റിലും മറ്റുള്ളവ ഓരോരുത്തർക്കും നൽകിയ സ്ഥലത്തുമാണ് ഇറക്കേണ്ടത്.

തീരുമാനങ്ങൾ:

∙ ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ലോറികൾക്ക് രാവിലെ 5 മുതൽ മാത്രമേ വലിയങ്ങാടിയിലേക്ക് പ്രവേശനമുള്ളൂ. അതും ബീച്ച് ഭാഗത്തു കൂടെ മാത്രം. ഇവിടെ ഇന്നു മുതൽ പരിശോധനാ പോയിന്റുണ്ടാകും.

∙ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം സ്ലിപ് നൽകും. ഇതുമായി മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ പാടുള്ളൂ. വാഹനങ്ങൾ ഒരേ നിരയിൽ നിർത്തണം.

∙ വാഹനങ്ങളിലെ ചരക്കുകൾ എത്രയും വേഗം ഇറക്കിയ ശേഷം ലോറി പുറത്തേക്ക് പോകണം.

∙ വലിയങ്ങാടിയിലെ തൊഴിലാളികൾക്കിടയിലും ഇടവിട്ടു പരിശോധന നടത്തും. പരിശോധനാ പോയിന്റിനു സമീപത്തും കൈകഴുകൽ കേന്ദ്രം തയാറാക്കും.

വലിയങ്ങാടിയിൽ പ്രതിരോധ നടപടികൾക്കു തീരുമാനം…

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/04/29/kozhikode-lockdown-cheking.html

Related Articles

Leave a Reply

Back to top button