കാലാവസ്ഥമാറ്റം മൂലം ഇല കൊഴിഞ്ഞ് റബ്ബർ തോട്ടങ്ങൾ

കോടഞ്ചേരി : തീവ്രമഴയും കാലാവസ്ഥാമാറ്റവും മൂലം മാസങ്ങൾക്കു മുമ്പേ ഇലകൊഴിഞ്ഞ് റബ്ബർ തോട്ടങ്ങൾ. ഇതുകാരണം ഉത്പാദനം കുറഞ്ഞതിനാൽ ഭേദപ്പെട്ട വിലയുണ്ടെങ്കിലും കർഷകർക്ക് അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ്. സാധാരണയായി വേനലിന്റെ തുടക്കത്തിലാണ് റബ്ബറിന്റെ ഇല കൊഴിയുന്നത്. കഴിഞ്ഞ ഏതാനുംവർഷങ്ങളായി കാലാവസ്ഥാമാറ്റത്തെത്തുടർന്ന് മഴക്കാലമെത്തിയാൽ റബ്ബറിന്റെ ഇല കൂടുതലായി കൊഴിയുകയാണ്.
ഒക്ടോബർ അവസാനത്തോടെ പല തോട്ടങ്ങളിലെയും റബ്ബറിന്റെ ഇല കൊഴിഞ്ഞു. ഇതുമൂലം, ഉത്പാദനം പകുതിയായി. റബ്ബറിന്റെ വില കുറയുകയും ഉത്പാദനച്ചെലവ് കൂടുകയും ചെയ്യുന്നതിനാൽ കാലംതെറ്റിയുള്ള ഇലകൊഴിച്ചിൽ തടയാൻ മരുന്ന് സ്പ്രേ ചെയ്യുവാനും കർഷകർ മെനക്കെടുന്നില്ല.
മലയോരമേഖലയിൽ കൂടുതലായും 105 ഇനത്തിൽപ്പെട്ട റബ്ബർ മരങ്ങളാണ് കൃഷിചെയ്തിട്ടുള്ളത്. ഈ ഇനത്തിലാണ് ഇലകൊഴിച്ചിൽ ഏറ്റവും കൂടുതലെന്ന് കർഷകർ പറയുന്നു. 414 ഇനത്തിൽപ്പെട്ട റബ്ബർ മരങ്ങൾക്ക് ഇലപൊഴിച്ചിൽ താരതമ്യേന കുറവാണ്. 430 ഇനത്തിൽപ്പെട്ട റബ്ബർ മരങ്ങൾക്കാണ് ഇലപൊഴിച്ചിൽ ഏറ്റവും കുറവെന്നും കർഷകർ പറയുന്നു.
സീസണാണെങ്കിലും ഉത്പാദനം കുറഞ്ഞതോടെ മലഞ്ചരക്ക് കടകളിൽ റബ്ബറിന്റെ വരവിൽ ഗണ്യമായ കുറവുണ്ട്. ഇല കൊഴിഞ്ഞതിനാൽ ടാപ്പിങ് ലാഭകരമല്ലാതായതോടെ ഒട്ടേറെ കർഷകർ ടാപ്പിങ് നിർത്തി.







