അടിസ്ഥാനരഹിതമായി പിതൃത്വംനിഷേധിച്ച കേസ് ഭാര്യക്ക് നഷ്ടപരിഹാരംനൽകാൻ കോടതി വിധിച്ചു

കൊടിയത്തൂർ : ഒരടിസ്ഥാനവുമില്ലാതെ കുട്ടിയുടെ പിതൃത്വം നിഷേധിച്ച് മാനസികപ്രയാസങ്ങളുണ്ടാക്കിയതിനും കഷ്ടപ്പെടുത്തിയതിനും ഭർത്താവ് ഭാര്യക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്ന് താമരശ്ശേരി ജെഎഫ് സിഎം 1 കോടതി വിധിച്ചു. 2011-ൽ അടിവാരം സ്വദേശിനി വയനാട് സ്വദേശിയായ ഭർത്താവിനെയും വീട്ടുകാരെയുംചേർത്ത് നൽകിയ ഗാർഹികപീഡന നിരോധന നിയമപ്രകാരമുള്ള കേസിലാണ് താമരശ്ശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ടി. ഫായിസ് വിധിപ്രസ്താവിച്ചത്.തനിക്കും രണ്ടുകുട്ടികൾക്കും സംരക്ഷണച്ചെലവും സംരക്ഷണ ഉത്തരവുകളും ലഭിക്കണമെന്നാവശ്യപ്പെട്ട് 2012-ലാണ് ഹർജിനൽകിയത്. എന്നാൽ, ഭർത്താവ് വിദേശത്തായതിനാൽ 2024-ൽ മാത്രമാണ് കോടതിയിൽ ഹാജരായത്.
ഹർജിക്കാരിയായ ഭാര്യക്കുനേരേ അവിഹിതബന്ധം ആരോപിക്കുകയും മൂത്തകുട്ടിയുടെ പിതൃത്വം കോടതിയിൽ നിഷേധിച്ച് ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഭർത്താവ് ഹർജിനൽകുകയുംചെയ്തു. ഈ കേസ് സംബന്ധിച്ച് കോടതിയിൽനടന്ന വാദങ്ങൾക്കൊടുവിൽ ഡിഎൻഎ ടെസ്റ്റിനുള്ള അപേക്ഷ തള്ളി.കളവായി കുട്ടിയുടെ പിതൃത്വം നിഷേധിച്ചതുവഴി തനിക്ക് മാനഹാനിയും മനോവിഷമങ്ങളുമുണ്ടാക്കിയിയെന്നും ആയതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹർജിക്കാരി വിചാരണവേളയിൽ ആവശ്യമുന്നയിച്ചു. തുടർന്നാണ് നഷ്ടപരിഹാരവും ഭാര്യക്കും കുട്ടികൾക്കും സംരക്ഷണച്ചെലവും നൽകണമെന്നും കോടതി വിധിച്ചത്. ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകനായ സി.ടി. അഹമ്മദ്കുട്ടി കോടതിയിൽ ഹാജരായി.







