Thiruvambady

കുടിയേറ്റമേഖലയെ നടുക്കിയ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് 13 വയസ്സ്

തിരുവമ്പാടി : മലയോര കുടിയേറ്റമേഖലയെ നടുക്കിയ പുല്ലുരാംപാറ ഉരുൾപൊട്ടൽ പരമ്പരയ്ക്ക് ബുധനാഴ്ച 13 വർഷം തികയുന്നു. 2012 ഓഗസ്റ്റ് ആറിന് വൈകുന്നേരമായിരുന്നു എട്ടുപേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകൾ തകർത്തെറിയുംചെയ്ത ദുരന്തം. പേമാരിയോടൊപ്പം കൂറ്റൻപാറക്കല്ലുകളും മരങ്ങളും മണ്ണുമായി ആർത്തലച്ചെത്തിയ ഉരുൾ നാടിനെ പിഴുതെറിയുകയായിരുന്നു. കൊടക്കാട്ടുപാറ ഭാഗത്തുനിന്നായിരുന്നു തുടക്കം. മണിക്കൂർ കഴിഞ്ഞതോടെ ചെറുശ്ശേരികുന്ന്, മാവിൻചുവട് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി.

ചെറുശ്ശേരികുന്നിൽ പത്തിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേർ മരിച്ചു. വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 13 വർഷം മുൻപത്തെ ഉരുൾപരമ്പര ഇപ്പോഴും പേടിസ്വപ്നമായി അലട്ടുകയാണ്.

ഒരു നാടിന്റെ സ്വപ്നങ്ങളാണ് ഇല്ലാതായത്. വീടുകളും വളർത്തുമൃഗങ്ങളും വാഹനങ്ങളുമടക്കം ഒലിച്ചുപോയി. തുണ്ടത്തിൽ ബിജുവിന് മാതാപിതാക്കളും ഭാര്യയും രണ്ടുകുട്ടികളും നഷ്ടപ്പെട്ടു. ദുരന്തത്തിനിരായ കുടുംബങ്ങളെ സർക്കാരും താമരശ്ശേരി രൂപതയും സന്നദ്ധസംഘടനകളും മാറ്റിപ്പാർപ്പിക്കുകയുണ്ടായി. മേഖലയിൽ ചില വീടുകളിൽ ആളുകൾ താമസം പുനരാരംഭിക്കുകയുണ്ടായി. പരിസ്ഥിതിലോലപ്രദേശങ്ങളായ മലയോരമേഖലയിലെ പല സ്ഥലങ്ങളും ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നേരത്തേ പ്രഖ്യാപിച്ചിട്ടുളളതാണ്. 2018-ൽ കൂടരഞ്ഞി കൽപിനിയിലുണ്ടായ ഉരുൾപൊട്ടലിൽ അച്ഛനും മകനും മരിക്കുകയും നാലംഗങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. ഇതേ വർഷം കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരിക്കുകയുണ്ടായി.

Related Articles

Leave a Reply

Back to top button