Kodanchery

കാർഷികവിളകൾ നിലംപരിശാക്കി കാട്ടുപന്നികൾ

കോടഞ്ചേരി : പകുതി പാകമായ കപ്പയും ചേമ്പും ചേനയും ഉൾപ്പെടെ കാർഷികവിളകൾ നിലംപരിശാക്കി കാട്ടുപന്നിക്കൂട്ടം. കോടഞ്ചേരി ഡോ. ചാക്കോ കാളംപറമ്പിൽ, മരുതോലിൽ സന്തോഷ്, വേലിക്കകത്ത് ബാബു എന്നിവരുടെ കാർഷിക വിളകളാണ് കഴിഞ്ഞദിവസങ്ങളിൽ പന്നിക്കൂട്ടം നശിപ്പിച്ചത്. ഗ്രീൻനെറ്റ് വലിച്ചു കെട്ടിയ വേലി തകർത്തണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറി നാശം വിതച്ചത്. കിഴങ്ങുകൾതിന്നും തണ്ടുകൾ കടിച്ചു മുറിച്ചും കുത്തിമറിച്ചും കൃഷിയിടത്തിലെ മുഴുവൻ വിളകളും നശിപ്പിച്ചു. പുതുതായി നട്ട തെങ്ങിൻ തൈകളും ഒഴിവാക്കിയില്ല. 25,000 രൂപയുടെ നഷ്ടമുണ്ടായതായി ചാക്കോ കാളംപറമ്പിൽ പറഞ്ഞു.

കാട്ടുപന്നി ശല്യംകാരണം കപ്പക്കൃഷി മലയോരമേഖലയിൽ ഏതാണ്ട് നിലച്ചമട്ടാണ്. ഇതോടെ, ചേനയും ചേമ്പും ഉൾപ്പെടെയുള്ള ഹ്രസ്വകാല കൃഷികളായി പന്നികളുടെ ഉന്നം. തെങ്ങിന്റെയും കമുകിന്റെയും പുതുകൃഷിയും ഭീഷണിയിലാണ്. കാട്ടുപന്നി ഭീഷണിമൂലം രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയുമുണ്ട്. ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടുപന്നികളെ ഉന്മൂലനംചെയ്യാൻ അടിയന്തര നടപടികൾ വേണമെന്ന് കോടഞ്ചേരി റെസിഡന്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ചാക്കോ കാളംപറമ്പിൽ അധ്യക്ഷനായി.

Related Articles

Leave a Reply

Back to top button