Local

പാകിസ്താനിലെ വിമാന ദുരന്തം; മരണസംഖ്യ 97 ആയി, രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 97 ആയി. അപകടത്തില്‍ രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 60 പേരുടെ മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്റിലേക്കും 32 പേരുടെ മൃതദേഹം കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്കും മാറ്റിയിരിക്കുന്നതായി പാകിസ്താന്‍ ആരോഗ്യ മന്ത്രാലയ വക്താവ് മീരാന്‍ യൂസുഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസമേഖലയില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പ്രദേശത്തെ നിരവധി വീടുകളും തകര്‍ന്നിരുന്നു. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പാക് വ്യോമയാന വിഭാഗം നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Back to top button