Kozhikode

നിയന്ത്രണം പാളി; കോഴിയിറച്ചി വില വീണ്ടും കുതിച്ചുയർന്നു

കോഴിക്കോട് ∙ കോവിഡ് കാലത്തു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വില നിയന്ത്രണ സംവിധാനത്തെ വെല്ലുവിളിക്കും വിധം കോഴിയിറച്ചി വില കുതിച്ചുയർന്നു. ഇന്നലെ കിലോഗ്രാമിന് 220 മുതൽ 250 വരെയായി. ജില്ലാ ഭരണകൂടം പരമാവധി വിൽപന വില 200 രൂപ നിശ്ചയിച്ച സ്ഥാനത്താണു 220 രൂപ മുതൽ 250 രൂപ വരെ ഈടാക്കിയത്. ചോദ്യം ചെയ്തവരോടു കച്ചവടക്കാർ ഫാമിലെ വിലക്കയറ്റത്തിന്റെ ന്യായങ്ങൾ നിരത്തി.ചില കടകളിൽ ഉപഭോക്താക്കളുമായി വാക്കേറ്റം നടന്നു. അവസാനം ജില്ലാ ഭരണകൂടത്തോടു ജനങ്ങൾ പരാതി പറയാൻ തുടങ്ങിയപ്പോൾ കോഴിക്കച്ചവടക്കാരെ വിളിച്ചു ചർച്ച നടത്തി. എല്ലാം കഴിഞ്ഞപ്പോൾ കിലോയ്ക്കു 220 രൂപ നിശ്ചയിച്ചു കലക്ടറുടെ അറിയിപ്പ് എത്തി. ലോക്ഡൗൺ തുടങ്ങിയ ദിവസം വില കിലോയ്ക്കു 140 രൂപയിൽ നിന്ന് 160 വരെ എത്തിയിരുന്നു.

പിന്നീട് കച്ചവടക്കാർ ഇഷ്ടത്തിനു വില കയറ്റിയപ്പോൾ ജില്ലാ ഭരണകൂടം പുതുക്കിയ വിലവിവരപ്പട്ടികയിൽ കോഴിയിറച്ചി വില 180 രൂപയായി നിശ്ചയിച്ചു. അപ്പോൾ കച്ചവടക്കാർ അതിലും കൂടുതൽ വിലയ്ക്കു വിറ്റു. അതിനെതിരെ പരാതി ഉയർന്നപ്പോൾ കലക്ടർ ചർച്ച നടത്തി വില 200 രൂപയാക്കി. അപ്പോൾ കച്ചവടക്കാർ 220 രൂപയ്ക്കു വിൽക്കാൻ തുടങ്ങി. പെരുന്നാൾ തലേ ദിവസമായ ഇന്നലെ അതു 250 രൂപ വരെയായി ഉയർന്നു. പരാതികൾ ഉണ്ടായപ്പോൾ ചർച്ച നടത്തി വില 220 രൂപയായി നിശ്ചയിച്ചു.പുതുക്കിയ വില കലക്ടറുടെ ഫെയ്സ് ബുക് പേജിൽ പ്രസിദ്ധീകരിച്ചപ്പോൾ കമന്റുകളുടെ പ്രവാഹമായി.

അടിക്കടി വില വർധിപ്പിക്കുന്ന കലക്ടറേക്കാൾ ഭേദം കച്ചവടക്കാരനാണെന്നാണ് ഒരാൾ പറഞ്ഞത്. ഇതിലും ഭേദം പിടിച്ചു പറിയാണെന്നു മറ്റൊരാൾ. കലക്ടർ പറയുന്ന വിലയ്ക്ക് എവിടെ കോഴിയിറച്ചി കിട്ടുമെന്നാണു വേറൊരാളുടെ ചോദ്യം. അയൽ ജില്ലകളിലെ കുറഞ്ഞ വിലയും ചിലർ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും ഇന്നലെ വില 180 മുതൽ 200 വരെയായിരുന്നു.

പക്ഷിപ്പനി കാലത്തെയും പൂർണ ലോക്ഡൗൺ കാലത്തെയും കച്ചവട നഷ്ടം നികത്താനാണു വില വർധിപ്പിക്കുന്നതെന്നു ജനങ്ങൾ പറയുന്നത്. ഇന്നലെ മൂരി ഇറച്ചി വില 290 ൽ നിന്നു 300 രൂപയായും പോത്ത് ഇറച്ചി വില 300 ൽ നിന്നു 320 രൂപയായും ജില്ലാ ഭരണകൂടം വർധിപ്പിച്ചു. മീൻ വില ജില്ലാ ഭരണകൂടം വർധിപ്പിച്ചില്ലെങ്കിലും കച്ചവടക്കാർ സ്വന്തം നിലയിൽ വർധിപ്പിച്ചിട്ടുണ്ട്. പല മത്സ്യങ്ങളും വിലവിവരപ്പട്ടികയിലെ വിലയുടെ ഇരട്ടി വിലയ്ക്കാണ് ഇന്നലെ വിറ്റത്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/24/kozhikode-chicken-price-hike.html

Related Articles

Leave a Reply

Back to top button