പുതുപ്പാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

പുതുപ്പാടി : ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി ഭാവി വികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് തല വികസന സദസ്സ് സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഡെന്നി വർഗീസ് അധ്യക്ഷനായ ചടങ്ങിൽ ഹരിത കർമസേനാംഗങ്ങളെ എംഎൽഎ ആദരിച്ചു. ഗ്രാമപ്പഞ്ചായത്തിലെ അതിദരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം വിട്ടുനൽകിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കുള്ള ആദരം ചടങ്ങിൽ അറിയിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ ജോസ് കുര്യാക്കോസും, പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് അസി. സെക്രട്ടറി പി.എസ്. അജിത്തും അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ തുടർപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനം അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ തയാറാക്കണമെന്നും സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൃത്യമായി നടപ്പാക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. അതേസമയം യുഡിഎഫ് സംസ്ഥാനനേതൃത്വത്തിന്റെ ആഹ്വാനത്തെത്തുടർന്ന് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് വികസനസദസ്സ് ബഹിഷ്കരിച്ചു. എൽഡിഎഫ് അംഗങ്ങളായ ഐബി റെജി, അജിത മനോജ്, ഉഷാ വിനോദ്, കെ.ജി. ഗീത, ശ്രീജാ ബിജു, അമ്പുടു ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി തോംസൺ.ബി.മാവൂട്ടിൽ, സിഡിഎസ് ചെയർപേഴ്സൺ ഷീബാ സജി, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







