കാരശ്ശേരിയിൽ കർഷകർക്ക് ആശ്വാസമേകാൻ കാട്ടുപന്നി നായാട്ട്

കാരശ്ശേരി : ജീവിതംതന്നെ ഗതിമുട്ടുന്നതരത്തിൽ പെരുകിയ കാട്ടുപന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാടിളക്കി നായാട്ട് നടത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നായാട്ട് നടത്തിയത്. കിഫ ക്ലബ് സംസ്ഥാന കോഡിനേറ്റർ ജോർജ് ജോസഫ്, ജില്ലാ കോഡിനേറ്റർ ടെന്നി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ 12 ഷൂട്ടർമാരും അഞ്ച് വേട്ടനായകളുമാണ് പങ്കെടുത്തത്. നായാട്ടുസംഘം ആറുപന്നികളെ വെടിവെച്ചിട്ടു. കൂടാംപൊയിൽ, നോർത്ത് കാരശ്ശേരി, എൻ.സി. ഹോസ്പിറ്റൽ പരിസരം, ഓടത്തെരുവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യദിന നായാട്ട് സംഘടിപ്പിച്ചത്.
കാട്ടുപന്നികൾ കാരണം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. കാരശ്ശേരി പഞ്ചായത്തിൽ രണ്ടാളുകൾ കാട്ടുപന്നികളുടെ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് കുറുകേ ചാടി അപകടത്തിൽപ്പെട്ടും മറ്റും ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. എസ്റ്റേറ്റുകളിലും കൃഷിയിടങ്ങളിലും പകൽസമയത്തുപോലും ജോലിക്കുപോകാൻ ഭയപ്പെടേണ്ട സാഹചര്യമാണ്. രാത്രിയിൽ മാത്രമല്ല, പകലും കൂട്ടമായെത്തുന്ന പന്നികൾ കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങൾ, വാഴകൾ, കമുകിൻതൈകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തെങ്ങിൻതൈകൾ തുടങ്ങി എല്ലാതരം കൃഷിയും കുത്തിമറിച്ചും കടിച്ചുചവച്ച് തുപ്പിയും നശിപ്പിക്കുകയാണ്. കടമെടുത്തും സ്ഥലം പാട്ടത്തിന് വാങ്ങിയുമൊക്കെ ചെയ്യുന്നവരാണ് പ്രധാന കർഷകരൊക്കെത്തന്നെയും. പന്നികൾ കൃഷി നശിപ്പിക്കുന്നതുമൂലം കടം തിരിച്ചടയ്ക്കാനോ വീട്ടുചെലവുകൾക്കോ വീണ്ടും കൃഷിയിറക്കാനോ പോലും വഴിയില്ലാതാവുകയാണ്. പന്നികളോട് തോറ്റു കൃഷിനിർത്തിയ കർഷകരുമുണ്ട്. ആയിരക്കണക്കിന് പന്നികൾ നാട്ടിലാകെ പെറ്റുപെരുകിയ അവസ്ഥയിൽ പന്നിവേട്ട വലിയ തോതിൽ തുടർന്നാലേ ഒരു പരിധിവരെയെങ്കിലും കർഷകർക്ക് രക്ഷയാകൂ.







