കാട്ടുപന്നികൾ കപ്പത്തോട്ടം നശിപ്പിച്ചു

കോടഞ്ചേരി : വിളവെടുക്കാറായ കപ്പത്തോട്ടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കോടഞ്ചേരി മാങ്കുടിയിൽ ലിൻസ് ജോർജിന്റെ നൂറോളം ചുവട് കപ്പകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ചുറ്റും ഗ്രീൻനെറ്റ് കെട്ടി സംരക്ഷിച്ച കപ്പത്തോട്ടമാണ് പന്നികൾ കുത്തിമറിച്ചത്. അപേക്ഷനൽകി കാത്തിരുന്നാൽ ലഭിക്കാൻ സാധ്യതമാത്രമുള്ള നാമമാത്രമായ നഷ്ടപരിഹാരത്തിന് മെനക്കെടുന്നില്ലെന്ന് ലിൻസ് ജോർജ് പ്രതികരിച്ചു.
കുന്നിൻചെരുവുകളിൽ ഉൾപ്പെടെ മേഖലയിൽ വ്യാപകമായി ചെയ്തിരുന്ന കപ്പകൃഷി പാടേ നിലച്ചമട്ടാണ്. കപ്പ നട്ടുപിടിപ്പിച്ചാൽ മറ്റുകൃഷികൾകൂടി കാട്ടുപന്നിക്കൂട്ടം തകർക്കുന്നനിലയിലായതോടെ കൃഷിയിടങ്ങളിൽനിന്നും കപ്പ അപ്രത്യക്ഷമായി. കാട്ടുപന്നിയുടെ പ്രജനനശേഷി കണക്കിലെടുക്കുമ്പോൾ കൊല്ലപ്പെടുന്ന പന്നികളുടെ എണ്ണം വളരെതുച്ഛമാണ്. ഷൂട്ടർമാരുടെ കുറവും ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസവും അപേക്ഷകളുമായി ബന്ധപ്പെട്ട നൂലാമാലകളും കൃഷിയിടത്തിലെ ശല്യക്കാരായ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് വലിയ തടസ്സമാവുകയാണ്. കാട്ടുപന്നികളെ നശിപ്പിക്കാൻ സ്ഥിരമായ സംവിധാനം വേണമെന്നും കൃഷിനാശത്തിന് കാര്യക്ഷമമായ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.







