തുരങ്കപാത നിർമ്മാണം; അപകടനിലയിൽ മുത്തപ്പൻ പുഴ മസ്ജിദ്;അധികൃതരുടെ നിസംഗതയിൽ കനത്ത പ്രതിഷേധം

മുക്കം:ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാത നിർമ്മാണത്തോടനുബന്ധിച്ച് മുത്തപ്പൻ പുഴ പാലം നവീകരിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവൃത്തികൾ ഇവിടെ സ്ഥിതി ചെയ്യുന്ന റഹ്മാനിയ മസ്ജിദിന് കനത്ത ഭീഷണി ഉയർത്തുന്നു.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന നിലയിൽ പാലത്തിന്റെ പ്രവൃത്തി നടക്കുകയും മഴ കനത്ത സാഹചര്യത്തിൽ പുഴയിലൂടെ കുത്തിയൊലിച്ചു വരുന്ന വെള്ളം കടന്നു പോകാൻ മതിയായ മാർഗം ഒരുക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് വഴി വച്ചത്.മഴക്കാലത്ത് പുഴയിലൂടെ കുതിച്ചെത്തുന്ന വെള്ളം പള്ളിയിലേക്ക് കയറാതിരിക്കാൻ പള്ളി ഭാരവാഹികൾ കെട്ടി ഉണ്ടാക്കിയ മതിൽ പാലം നിർമ്മാണത്തോടനുബന്ധിച്ച് കരാറുകാർ പൊളിക്കുകയായിരുന്നു. മഴ ശക്തമായാൽ ഇത് പള്ളിക്ക് കനത്ത ഭീഷണി ആകുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വിഷയം ഗൗരവത്തിൽ എടുക്കാൻ അധികൃതർ കൂട്ടാക്കാത്തതാണ് കാര്യങ്ങളെ ഈ നിലയിൽ എത്തിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴ മൂലം കുതിച്ചെത്തിയ വെള്ളം പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയും പള്ളിയുടെ അടിത്തറക്ക് തകരാർ സംഭവിക്കുകയും ചെയ്തു.ഇനിയൊരിക്കൽ കൂടി ഈ നിലയിൽ വെള്ളം കയറിയാൽ പള്ളിയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുമെന്ന് ആശങ്കയിലാണ് വിശ്വാസികൾ.വിനോദസഞ്ചാരികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന പള്ളി വിശ്വാസികൾക്ക് എന്നും ആശ്വാസമാണ്.പ്രാർഥന നടത്തുവാനും വിശ്രമിക്കാനും നിരവധി പേർ ഇവിടെ എത്താറുണ്ട്.മുസ്തഫ മുണ്ടുപാറയുടെയും കെ.എൻ.എസ് മൗലവിയുടെയും നേതൃത്വത്തിൽ സമസ്ത നേതാക്കൾ സ്ഥലം സന്ദർശിച്ചു.പള്ളിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നിലയിൽ ഉചിതമായ പരിഹാരം അധികൃതർ കൈക്കൊള്ളണമെന്ന് നേതാക്കൾ പറഞ്ഞു.







