ഗതാഗതക്കുരുക്കിൽ ഞെരുങ്ങി മണാശ്ശേരി

മുക്കം : അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്കിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട്, മൂന്നുകിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും വാഹനങ്ങൾ മണാശ്ശേരിയിലെത്തും. അഗസ്ത്യൻമുഴിയിലേക്കാൾ ഗുരുതരമാണ് മണാശ്ശേരിയിലെ സാഹചര്യം. ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും, ഇവിടെനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും രോഗികളുമായി സഞ്ചരിക്കുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യസംഭവമാണ്.
സ്വകാര്യ മെഡിക്കൽകോളേജും ഒട്ടേെറ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നഗരസഭയിലെ മറ്റൊരു പ്രധാന അങ്ങാടിയാണ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്. മുത്താലം, ചേന്ദമംഗലൂർ ഭാഗങ്ങളിലേക്കും കോഴിക്കോട്, മുക്കം ഭാഗങ്ങളിലേയ്ക്കുമുള്ള വാഹനങ്ങൾ ഒരുമിച്ചെത്തിയാൽ അങ്ങാടിയിൽ ഗതാഗതം സ്തംഭിക്കും. ഗതാഗതം നിയന്ത്രിക്കാൻ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതും റോഡുകളുടെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് കാരണം.
കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലും മുക്കം അനാഥശാലയ്ക്കുകീഴിലുമായി പ്രവർത്തിക്കുന്ന കോളേജുകളിൽ പതിനായിരത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്. സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെയും മറ്റുജീവനക്കാരുടെയും വാഹനങ്ങൾകൂടി നിരത്തിലിറങ്ങുന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയാകും.
മണാശ്ശേരിയിൽ ഗതാഗതംനിയന്ത്രിക്കാൻ ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന വിദ്യാർഥികളുടെയും വ്യാപാരികളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, ഈ രണ്ടാവശ്യങ്ങളും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ചിലസമയങ്ങളിൽ ഹോം ഗാർഡിന്റെ സേവനംപോലും ഉണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഗതാഗതക്കുരുക്കിന് കാരണമാകുന്ന തരത്തിൽ ബസുകൾ നിർത്തുന്നത് ഒഴിവാക്കാൻ മണാശ്ശേരിയിൽ ബസ്സ്റ്റാൻഡ് നിർമിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ പ്രധാനവാഗ്ദാനം. എന്നാൽ, തുടർനടപടികളുണ്ടായില്ല.
മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ ബസുകൾ വഴിതിരിഞ്ഞ് പോകുന്നതിനാൽ യാത്രക്കാർ പെരുവഴിയിലാകുന്നതും നിത്യസംഭവമാണ്. സ്വകാര്യ മെഡിക്കൽ കോളേജിലേക്കുള്ള രോഗികളും മണാശ്ശേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമാണ് ദുരിതം സഹിക്കുന്നത്.
കോഴിക്കോട്ടുനിന്നുവരുന്ന ബസുകൾ കട്ടാങ്ങലിൽനിന്ന് തിരിഞ്ഞ് വട്ടോളിപ്പറമ്പ്- മാമ്പറ്റ വഴി മുക്കത്തേക്ക് പോകുന്നതാണ് വിനയാകുന്നത്. കളൻതോടിലേക്കുള്ള യാത്രക്കാരെ കട്ടാങ്ങലിൽ ഇറക്കിവിടും. കളൻതോടിലെ കെ.എം.സി.ടി. എൻജിനിയറിങ് കോളേജിലെയും എം.ഇ.എസ്. കോളേജിലേയും വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ ഒരു കിലോമീറ്ററോളം നടന്നാണ് കളൻതോടിലെത്തുന്നത്.
മണാശ്ശേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും ജീവനക്കാരെയും ആശുപത്രിയിലേക്കുള്ള രോഗികളെയും കൂട്ടിരിപ്പുകാരെയും ഒന്നര കിലോമീറ്റർ അകലെ മാമ്പറ്റയിലും ഇറക്കും. പെരുവഴിയിലിറങ്ങി ഓട്ടോറിക്ഷ വിളിച്ച് പോകാമെന്ന് കരുതിയാൽ സ്കൂൾ സമയമായതിനാൽ മിക്ക സ്റ്റാൻഡുകളിലും ഓട്ടോറിക്ഷ ഉണ്ടാകാറില്ലെന്ന് യാത്രക്കാർ പറയുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ബസ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിൽ ദുരിതംസഹിക്കുന്നത്.







