Kodanchery

കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി

കോടഞ്ചേരി:​മലബാറിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനക്കും തുടക്കമായി.

ഇടവക നവീകരണവും കുടുംബ വിശുദ്ധീകരണവും നിയോഗമാക്കിയാണ് ഇത്തവണത്തെ തിരുനാൾ ആചരിക്കുന്നത്. ഇടവക വികാരിറെക്ടർ ഫാ.ജോൺ ഒറവങ്കര കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറാൾഡ് പല്ലാട്ട്, ഫാ. എബിൻ കുറൂർ എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ 6 നും ഉച്ചയ്ക്ക് 12 നും വൈകിട്ട് 5 നും വി. കുർബാന ഉണ്ടായിരിക്കും.

വിവിധ ദിവസങ്ങളിൽ വിശിഷ്ട വ്യക്തികളുടെ കാർമികത്വത്തിൽ തിരുക്കർമ്മങ്ങളും നടക്കും. കല്യാൺ രൂപത എമിരിറ്റസ് ബിഷപ്പ് മാർ തോമസ് ഇലവനാൽ, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ തുടങ്ങി നിരവധി വൈദികർ വിവിധ ദിവസങ്ങളിലെ വിശുദ്ധ കുർബാനകളിൽ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ ദിവസങ്ങളിൽ ദിവസേന വൈകുന്നേരം 6:00 മണിക്ക് പ്രശസ്ത വചനപ്രഘോഷകൻ ഫാ.ജോൺ പള്ളിക്കാവയലിന്റെ നേതൃത്വത്തിൽ മരിയൻ ധ്യാനവും ഉണ്ടായിരിക്കും.
​സെപ്റ്റംബർ 8 ചൊവ്വാഴ്ചയാണ് പ്രധാന പിറവിത്തിരുനാൾ ആചരിക്കുന്നത്. അന്ന് രാവിലെ 10:00 മണിക്ക് വികാരി ജനറാൾ മോൻസിഞ്ഞോർ ഫാ.അബ്രഹാം വയലിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഫാ. മാത്യു നായിക്കാംപറമ്പിൽ വി.സിയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും നടക്കും.

​എട്ടുനോമ്പ് ദിവസങ്ങളിൽ 24 മണിക്കൂറും അഖണ്ഡ ജപമാല, ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതൽ 12 വരെ കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. തിരുനാളിനോടനുബന്ധിച്ച് പ്രത്യേക ‘മരിയൻ എക്സിബിഷനും’ ( ഡിവൈൻ എക്സ്പോ) സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button