മുറമ്പാത്തി അങ്കണവാടി ഉടൻ തുറന്നു പ്രവർത്തിക്കണം

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുറമ്പാത്തി 11ാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക അങ്കണവാടി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. അങ്കണവാടിയുടെ പുറകുവശത്ത് മഴയെ തുടർന്ന് കുറഞ്ഞ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും അതേത്തുടർന്ന് പഞ്ചായത്ത് അധികാരികൾ എത്തി ഫിറ്റ്നസ് റദ്ദാക്കി. അതിനുശേഷം മണ്ണ് മാറ്റിയാൽ ഫിറ്റ്നസ് തരാമെന്ന് അധികൃതർ ഉറപ്പുനൽകിയതു പ്രകാരം ഇടിഞ്ഞ ഭാഗത്തെ മണ്ണെടുത്ത് മാറ്റി പഞ്ചായത്തിൽ റിപ്പോർട്ട് കൊടുത്തിട്ടും പഞ്ചായത്ത് അധികൃതർ അംഗീകരിച്ചില്ല.
പകരം മറ്റൊരു വാടക കെട്ടിടം കണ്ടുപിടിച്ച് അങ്ങോട്ട് മാറ്റുമെന്ന് പഞ്ചായത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ നാളിതുവരെയും പുതിയ വാടക കെട്ടിടം കണ്ടുപിടിച്ചിട്ടും പഞ്ചായത്ത് അധികൃതർ അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും വേഗം അങ്കണവാടി തുറന്നു പ്രവർത്തിക്കണം എന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.






