Thiruvambady
തിരുവമ്പാടിയിൽ പന്നിഫാമിന് കോടതി പിഴയിട്ടു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000 രൂപ പിഴ ചുമത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ഫയൽ ചെയ്തിരുന്ന കേസിലാണ് പിഴ ചുമത്തിയത്, പന്നിഫാമിൽ നിന്നും ദുർഗന്ധമുള്ള മലിനജലം പരന്നൊഴുകി പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് കേസ് ഫയൽ ചെയ്തിരുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിൽ പന്നിഫാമുകൾ പ്രവർത്തിച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി പബ്ലിക് ഹെൽത്ത് ഓഫീസറായ മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.







